പൂട്ടിയവയെല്ലാം തുറക്കുന്നു...! കേരളത്തിൽ കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നു, പൂട്ടിപ്പോയ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ തുറക്കുന്നതിൽ വിവിധകോണുകളിൽ നിന്നും പ്രതിഷേധം ശക്തം...!

സംസ്ഥാനത്ത് പൂട്ടിപ്പോയ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ തുറക്കുന്നു. ഇതിൽ 10 എണ്ണം പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാനാണ് സർക്കാർ നീക്കം. മദ്യശാലകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയ മദ്യശാലകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സർക്കാർ മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നു.
പൂട്ടിപ്പോയ മദ്യശാലകൾ വീണ്ടും തുറക്കുന്നതിനെതിരെ വിവിധകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്.സംസ്ഥാനത്ത് നേരത്തെ 175 പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോയും സർക്കാറിന് ശുപാർശ നൽകിയിരുന്നു. ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തില്‍ 91 മദ്യക്കടകളും ഗ്രാമങ്ങളില്‍ 84 മദ്യകടകളും തുടങ്ങുന്നതിനുള്ള പട്ടികയാണ് ബെവ്കോ സര്‍ക്കാരിന് കൈമാറിയത്.
എന്നാല്‍ ഇതില്‍ എത്രയെണ്ണം തുടങ്ങുമെന്നോ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. തിരക്ക് കണക്കിലെടുത്താണ് പുതുതായി മദ്യശാലകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത്.ഇതിൽ ഭൂരിപക്ഷവും നേരത്തെ പൂട്ടിപ്പോയ മദ്യശാലകളായിരുന്നു. സമാനരീതിയിലുള്ള നീക്കമാണ് കൺസ്യൂമർഫെഡും നടത്തുന്നത്.
ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന വേണ്ടെന്ന കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയായിരുന്നു. ചില പ്രദേശങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളും മതസംഘടനകളും എതിര്‍പ്പുന്നയിച്ചതും തടസമായി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകും പുതുതായി തുറക്കുന്ന ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം.
https://www.facebook.com/Malayalivartha























