കള്ളനോട്ട് കേസില്‍ കൂറു മാറാന്‍ സി ഐ കൈക്കൂലി വാങ്ങിയ വിജിലന്‍സ് കേസ്... സീനിയര്‍ സി. പി.ഒ.യെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൂട്ടു പ്രതിയാക്കി അഡീ. റിപ്പോര്‍ട്ട് കോടതിയില്‍, സി ഐ എസ്. എം.നിയാസിന്റെ കൂട്ടുപ്രതിയായി സീനിയര്‍ സി പി ഒ ടോണി തോമസ്, അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുന്നു, കൈക്കൂലിപ്പണം കൈപ്പറ്റിയത് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി

കള്ളനോട്ട് കേസില്‍ മൊഴി തിരുത്തി കൂറു മാറി പ്രതിഭാഗം ചേരാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൂട്ടു പ്രതിയാക്കി അഡീഷണല്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കൈക്കൂലിക്കേസിനൊപ്പം സിഐ , സീനിയര്‍ സി പി ഒ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിജിലന്‍സ് കെണി വച്ച് പിടിക്കുന്ന ട്രാപ്പല്ലാത്ത കൈക്കൂലി കേസന്വേഷണത്തില്‍ സിഐക്കൊപ്പം സീനിയര്‍ സി പി ഒ കൂടി കൃത്യത്തില്‍ ഉള്‍പ്പെട്ടതായി വെളിപ്പെട്ടതിനാലാണ് വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിലവിലെ പ്രതിയായ ഇടുക്കി ഉപ്പുതറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. എം. നിയാസിന്റെ കൂട്ടു പ്രതിയായി സീനിയര്‍ സി പി ഒ ടോണി തോമസിനെയാണ് രണ്ടാം പ്രതി സ്ഥാനത്ത് ചേര്‍ത്തത്. കൈക്കൂലിപ്പണം ട്രാന്‍സ്ഫര്‍ ചെയ്തയച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നായതിനാലാണ് തലസ്ഥാന ജില്ലയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ടത്.
നിയാസ് ഡിറ്റക്റ്റ് ചെയ്ത കള്ളനോട്ട് കേസ് വിചാരണയില്‍ പ്രതിക്കനുകൂലമായി മൊഴി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട് പ്രതിയില്‍ നിന്നും തിരുവനന്തപുരത്തെ ദേശസാല്‍കൃത ബാങ്കിന്റെ ശാഖ വഴി അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന സി ഐ തുക മാറിയെടുത്തുവെന്നാണ് കേസ്.
സീനിയര്‍ സി പി ഒ യും പ്രതിയില്‍ നിന്നും 1500 രൂപ വാങ്ങിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ടോണി തോമസിനെ രണ്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്ത് പ്രതിപ്പട്ടിക വിപുലീകരിച്ചത്. കെണിപ്പണ ട്രാപ്പും ഫിനോഫ്തലിന്‍ ടെസ്റ്റും സ്‌പോട്ട് അറസ്റ്റും റിമാന്റും മറി കടക്കാന്‍ കൈക്കൂലിപ്പണം പോലീസുദ്യോഗസ്ഥര്‍ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയിട്ടും നിയമം രക്ഷക്കെത്തിയില്ല.
പ്രതികളുടെ ഔദ്യോഗിക - സ്വ വസതികള്‍ സംയുക്തമായി റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച പ്രാമാണിക തെളിവുകളുടെ വെളിച്ചത്തില്‍ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിച്ചു വരികയാണ്.
പൊതു സേവകന്‍ നേരിട്ടോ മറ്റാരെങ്കിലും വഴിയോ പണം ഭൗതികമായി ആവശ്യപ്പെട്ട് കൈപ്പറ്റുന്ന അവസരങ്ങളില്‍ മാത്രമേ പരാതിക്കാരനെ ഡക്കോയി വിറ്റ്‌നസ് (വശീകരണ സാക്ഷി) ആക്കി ഫിനോഫ്തലിന്‍ പൊടി തൂകിയ നോട്ടുകള്‍ നല്‍കി വിജിലന്‍സ് കെണിയൊരുക്കി മറഞ്ഞ് നിന്ന് തൊണ്ടി സഹിതം സ്‌പോട്ട് അറസ്റ്റില്‍ പിടികൂടാന്‍ വിജിലന്‍സ് പോലീസിന് സാധിക്കുകയുള്ളു.
നോട്ടു നമ്പരുകള്‍ എന്‍ട്രസ്റ്റ്‌മെന്റ് മഹസറില്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കാനായി പാരാതിക്കാരന്റെ കൈവശം നോട്ടുകള്‍ നല്‍കി ഒപ്പം അനുഗമിക്കുന്നതാണ് രീതി. ഉദ്യോഗസ്ഥന്‍ പണം കൈപ്പറ്റിയതായ സിഗ്‌നല്‍ ലഭിച്ചയുടന്‍ വിജിലന്‍സ് കൊണ്ടു വരുന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ പൊതുസേവകന്റെ കൈവിരലുകള്‍ മുക്കി ലായനി പിങ്ക് നിറമായി മാറിയുള്ള ഫിനോഫ്തലിന്‍ ടെസ്റ്റിലൂടെയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിയുന്നത്. ട്രാപ്പും സ്‌പോട്ട് അറസ്റ്റും നടന്നിട്ടില്ലെങ്കിലും ട്രാപ്പിന് സമാനമായി ഉദ്യോഗസ്ഥന്‍ ബാങ്ക് അക്കൗണ്ടു വഴി കൈക്കൂലിപ്പണം കൈപ്പറ്റിയതായി പ്രഥമദൃഷ്ട്യാ തെളിവില്‍ വരികയായിരുന്നു.
"
https://www.facebook.com/Malayalivartha



























