അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികനായ റിട്ട.പ്രധാനാധ്യാപകന് ദാരുണാന്ത്യം

അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികനായ റിട്ട.പ്രധാനാധ്യാപകന് ദാരുണാന്ത്യം.. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കിണാശേരി ഐശ്വര്യയില്‍ കെ.നന്ദകുമാര്‍ (58) ആണു മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴോടെ പാലക്കാട് മെഡിക്കല്‍ കോളജിനു സമീപത്തെ പാലത്തിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ സൈക്കിള്‍ തകര്‍ന്നു. പാലത്തിലെ കൈവരിയിലിടിച്ചു തലയ്ക്കു ഗുരുതര പരുക്കേറ്റു റോഡരികില്‍ കിടന്ന നന്ദകുമാറിനെ അതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം അപകടശേഷം അദ്ദേഹം വീട്ടിലേക്കു ഫോണ്‍ ചെയ്തിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കിണാശേരിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വച്ചു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: അനുപമ (കൊല്ലങ്കോട് പികെഡി യുപി സ്‌കൂള്‍ അധ്യാപിക.) മക്കള്‍: അജയ് (കനറാ ബാങ്ക്, മണിപ്പാല്‍), ഐശ്വര്യ.
"
https://www.facebook.com/Malayalivartha


























