മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച വധശ്രമക്കേസ്... പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ തള്ളി, വ്യോമയാന കേസ് കേള്‍ക്കാന്‍ ഡെസിഗ്‌നേറ്റഡ് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചതായുള്ള ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പോലീസെടുത്ത വ്യോമയാന - വധശ്രമ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി.ബാലകൃഷ്ണന്‍ തള്ളി.
വ്യോമയാന കേസ് കേള്‍ക്കാന്‍ തലസ്ഥാന ജില്ലയില്‍ ഡെസിഗ്‌നേറ്റഡ് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചിച്ചതായ ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. നോട്ടിഫിക്കേഷന്‍ ഉണ്ടെങ്കില്‍ ചൊവ്വാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
അപ്രകാരം നോട്ടിഫിക്കേഷന്‍ ഇല്ലെങ്കില്‍ മാത്രമേ ഈ കോടതിയ്ക്ക് സ്‌പെഷ്യല്‍ കോടതിയുടെ അധികാരം പ്രയോഗിച്ച് ഈ കേസില്‍ വാദം കേള്‍ക്കാനും വിചാരണ ചെയ്യാനും സാധിക്കൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. പ്രതികളെ ചൊവ്വാഴ്ച ഹാജരാക്കാനും ഇയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത് പ്രകാരം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേ സമയം ഗൂഡാലോചന തെളിയിക്കാനും കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വെമ്പായം .എ. ഹക്കിം കോടതിയില്‍ വാദമുന്നയിച്ചു.
ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയുടെ ഒളിയിടം കണ്ടു പിടിക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും പ്രതികളുടെ സാന്നിദ്ധ്യത്തിലുള്ള അന്വേഷണം അനിവാര്യമായതിനാല്‍ കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്നും ബോധിപ്പിച്ചു. ' അതേസമയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാന്‍ സര്‍ക്കാര്‍ സ്വാധീനത്താല്‍ പോലീസ് തിരക്കഥയില്‍ വ്യാജ വധശ്രമക്കുറ്റമാരോപിച്ച് ഫിറ്റ് ചെയ്ത് എടുത്ത കള്ളക്കേസാണിതെന്നും പ്രതികള്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഹവാല - അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിയ്ക്ക് വില കുറഞ്ഞ പബ്ലിസിറ്റിയും വ്യാജ ഇമേജും സൃഷ്ടിക്കാന്‍ മെനഞ്ഞെടുത്ത കള്ളക്കേസാണിത്.
നിരായുധരായും സമാധാനപരമായും യാതൊരു ദേഹോപദ്രമോ നാശനഷ്ടമോ വരുത്താതെ വിമാനത്തിനുള്ളില്‍ വെറും മുദ്രാവാക്യം മാത്രം വിളിച്ച് പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ വധശ്രമക്കേസ് നിലനില്‍ക്കില്ല. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് സിവില്‍ ഏവിയേഷന്‍ നിയമപ്രകാരമുള്ള കുറ്റത്തിന് തങ്ങളെ പോലീസ് കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
വധശ്രമക്കേസ് നിലനില്‍ക്കണമെങ്കില്‍ ശരീരത്തിന്റെ വൈറ്റല്‍ ഭാഗങ്ങളിലോ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങള്‍ക്കോ മരണകാരണമായേക്കാവുന്ന മുറിവുകള്‍ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോകാത്ത തങ്ങള്‍ക്കെതിരെ വധശ്രമമാരോപിച്ച് എടുത്ത കള്ള കേസില്‍ തങ്ങളെ കസ്റ്റഡിയില്‍ വിട്ടു നല്‍കേണ്ട ആവശ്യമില്ല.
തങ്ങളെ കസ്റ്റഡി ആവശ്യപ്പെടുന്നത് തങ്ങളെ മാനസികമായും ശാരീരികമായി പീഡിപ്പിക്കാനാണ്. അതിനാല്‍ ചെയ്യാത്ത കുറ്റത്തിനുള്ള കസ്റ്റഡി ആപേക്ഷ തള്ളണമെന്നും പ്രതികള്‍ ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha























