നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞു, ഇവർ ഒളിവിലെന്ന് പോലീസ്, നഴ്സിനും ഡോക്ടർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് ആരോഗ്യപ്രവർത്തകർ, അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ എ

കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് ആരോഗ്യപ്രവർത്തകർ.നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സ് ശ്യാമിലി, ഡോക്ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ എ അറിയിച്ചു.ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ആശുപത്രി ജീവനക്കാരി പറഞ്ഞു. ആശുപത്രിക്ക് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ആക്രമണത്തിന് പിന്നിൽ മാസ്ക് ധരിക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യമാണെന്നും നഴ്സ് പറഞ്ഞു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പ്രതികരിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























