ഇത് ചാനല്‍ചര്‍ച്ചയല്ല... രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത രീതിയെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നു; ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി ഏജന്‍സി; ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു; എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ല

രാഹുല്‍ ഗാന്ധിയോടു ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത് നൂറിലേറെ ചോദ്യങ്ങളാണ്. ഓരോ ദിവസവും 20 മുതല്‍ 25 ചോദ്യങ്ങളാണു ചോദിച്ചത്. ചോദ്യം ചെയ്യല്‍ 5 ദിവസം കൊണ്ട് 54 മണിക്കൂറിലേറെ നീണ്ടെങ്കിലും ഇഡിക്കു സമാഹരിക്കാനായത് 15 മണിക്കൂര്‍ സമയം കൊണ്ടു കിട്ടാവുന്ന ഉത്തരങ്ങള്‍. കാരണം, ഓരോ ചോദ്യത്തിനും രാഹുല്‍ അത്യന്തം ജാഗ്രതയോടെ, സമയമെടുത്താണു മറുപടി നല്‍കിയത്. ഓരോ ദിവസവും നല്‍കിയ ഉത്തരങ്ങള്‍ ഇഡി ടൈപ്പ് ചെയ്തത് സൂക്ഷ്മമായി ആവര്‍ത്തിച്ചു പരിശോധിച്ച ശേഷമാണ് രാഹുല്‍ ഒപ്പിട്ടത്. ഇതും സമയം നീളാന്‍ കാരണമായി.
ടിവി ചര്‍ച്ചകളിലെ പോലെ പ്രക്ഷുബ്ധമായിരുന്നില്ല ചോദ്യം ചെയ്യല്‍ അന്തരീക്ഷമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഉത്തരങ്ങള്‍ക്കു സമയമെടുക്കുന്നതിന് ഉദ്യോഗസ്ഥരോടു ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ പുറത്തെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കിയെന്നാണ്. രാഹുല്‍ ഗാന്ധിയുടെ ഈ വാദം തള്ളി ഇഡി രംഗത്തെത്തി. നാലിലൊന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.
ക്ഷീണിതനാണെന്ന് രാഹുല്‍ പലവട്ടം പറഞ്ഞെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം, എന്നാല്‍ തന്റെ ഊര്‍ജ്ജത്തില്‍ ഉദ്യോഗസ്ഥര്‍ അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുല്‍ അവകാശപ്പെട്ടിരുന്നു. ഇഡിയെ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി. എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ദില്ലിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയായിരുന്നു.
ഇതിനെയെല്ലാം തുടര്‍ന്ന് ഇന്ന് രാഹുല്‍ഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പദ്ധതി പിന്‍വലിക്കും വരെ പോരാട്ടം തുടരും. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള്‍ ഇല്ലാതാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചു, സൈന്യത്തില്‍ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്‍ക്കാര്‍ തകര്‍ത്തു. റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി അറിയിച്ചു.
https://www.facebook.com/Malayalivartha























