അറസ്റ്റ് തടയാൻ ഹൈക്കോടതിയിലേക്ക് പോയ സ്വപ്നയ്ക്ക് കനത്ത തിരിച്ചടി; ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല; വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി

അറസ്റ്റ് തടയാൻ ഹൈക്കോടതിയിലേക്ക് പോയ സ്വപ്നയ്ക്ക് കനത്ത തിരിച്ചടി. സ്വപ്നയുടെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി വിധി. ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല . മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു . പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കും.
വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയും കുടുംബവും കൂടാതെ മുൻമന്ത്രി കെ.ടി. ജലീൽ ,മുൻ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി കൊടുത്തിട്ടായിരുന്നു സ്വപ്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.
എന്നാൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സ്വപ്നയ്ക്കുള്ളതെന്ന ആരോപണവുമായി കെ.ടി. ജലീൽ പരാതി നൽകുകയായിരുന്നു. കെ ടി ജലീൽ നൽകിയ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി സ്വപ്‍ന ഹൈക്കോടതിയിലേക്ക് പോയപ്പോൾ അറിഞ്ഞത് ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നാണ്. ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു .
പക്ഷെ അത് കഴിഞ്ഞ് ആണ് വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ച് വ്യക്തികളുടെ യശസ് കളങ്കപ്പെടുത്തൽ, (ക്രമസമാധാനം തകർക്കാനോ സർക്കാരിനെതിരെ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കൽ എന്നീ ജാമ്യം കിട്ടാത്ത കുറ്റങ്ങൾകൂടി ചുമത്തിയെന്ന് സ്വപ്ന അറിഞ്ഞത് . ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.എന്നാൽ ആ ആവശ്യം കോടതി അംഗീകരിച്ചില്ല
അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ മെയിൽ വഴി ഉദ്യോഗസ്ഥരെ അറിയിച്ചു . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടെയും വെളിപ്പെടുത്തലുകളുടെയും സാഹചര്യത്തിലാണ് സ്വപ്‍നയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
നേരത്തെ നാലു പ്രാവശ്യം സ്വപ്‍ന സുരേഷ് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർക്കുന്ന സാഹചര്യമുണ്ടായി. ഗൂഢാലോചന കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ചു സ്വപ്‍നയോട് നിർദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























