കേന്ദ്രസേന കട്ടയ്ക്കിറങ്ങും? സ്വപ്നയെ തഴഞ്ഞ് പോലീസ്... ഇഡിക്ക് സുരക്ഷ പിണറായി! ശിവശങ്കറിന്റെ മണ്ടത്തരത്തിൽ പകച്ച് മുഖ്യൻ

സ്വപ്ന സുരേഷ് തുറന്ന് വിട്ട ഭൂതം വേട്ടയാടുന്നത് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയുമാണ്. മകളെ പറ്റി ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ എത്തിയപ്പോൾ പകച്ചത് പിണറായി വിജയനാണ്. ഗുരുതര വെളിപ്പെടുത്തലും സ്വപ്നയുമായി വരെ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് സാരം.
അതിനിടയിലാണ് മുഖ്യന് എട്ടിന്റെ പണിയുമായി ശിവശങ്കർ എത്തിയത്. അതിലേക്ക് പോകും മുൻപ് പരിശോധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. കേന്ദ്രത്തിന്റെ പരിരക്ഷ അല്ലെങ്കിൽ സുരക്ഷ സ്വപ്നയ്ക്ക് ലഭിക്കും എന്ന ആത്മവിശ്വാസം അവർ പങ്കുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ സ്വപ്നയെ സംബന്ധിച്ച് വമ്പൻ തിരിച്ചടിയായി അത് മാറിയിരിക്കുന്നു എന്ന് വേണം കരുതാൻ.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കാനാവില്ലെന്ന് കോടതിയിൽ ഇഡി വ്യക്തമാക്കിയിരിക്കുകയാണ്. തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സുരക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. ഈ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്വപ്നയ്ക്ക് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി തന്നെ വ്യക്തമാക്കിയത്.
സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും, തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സുരക്ഷ നൽകുന്നത് സംസ്ഥാന പൊലീസാണെന്നുമാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്ര സുരക്ഷ നൽകാൻ ഈ കേസിൽ കേന്ദ്ര സർക്കാർ കക്ഷിയല്ലാത്തതിനാൽ സാധിക്കില്ലെന്നും ഇഡി വ്യക്തമാക്കി. ഇതേ തുടർന്ന് കേന്ദ്രത്തെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.
നേരത്തെ കോടതിയിൽ സ്വർണക്കടത്തിന്റെ ഇടപെടലുകളെ കുറിച്ച് 164 മൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അ൦ഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ശിവശങ്കർ കൊടുത്ത മൊഴിയെ പറ്റി പരാമർശം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ യു.എ.ഇയില്‍ ചെന്നതിനു പിന്നാലെ ഇവിടെ നിന്ന് ഒരു പായ്‌ക്കറ്റ് കൊടുത്തയച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരത്തേ കസ്‌റ്റംസിനു മൊഴി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
മുഖ്യമന്ത്രി പോയപ്പോള്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നെന്നു ശിവശങ്കര്‍ പറഞ്ഞതനുസരിച്ച്, അന്നു കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്ന താന്‍ അതു കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചുകൊടുത്തെന്നും സ്‌കാന്‍ ചെയ്‌തപ്പോള്‍ ബാഗില്‍ കറന്‍സിയാണെന്നു മനസിലായെന്നും സ്വപ്‌ന സുരേഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റിനു രഹസ്യമൊഴി നല്‍കിയതിനു ശേഷമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
അതേസമയം, ബാഗ് കൊണ്ടുപോകാന്‍ മറന്നെന്ന വാദം മുഖ്യമന്ത്രി നിയമസഭയില്‍ നിഷേധിച്ചു. ബാഗ് മറന്നുവയ്‌ക്കാത്തതുകൊണ്ടുതന്നെ, അതിലാക്കി കറന്‍സി കൊടുത്തയച്ചെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ശിവശങ്കര്‍ കസ്‌റ്റംസിനു നല്‍കിയ മൊഴി പുറത്തുവന്നത്.
യു.എ.ഇയില്‍ വിശിഷ്‌ട വ്യക്‌തികള്‍ക്കു നല്‍കാനുള്ള മെമെന്റോകളാണു ബാഗിലുണ്ടായിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ബാഗേജ് കൊടുത്തയച്ചിരുന്നു എന്നതു ശിവശങ്കര്‍ നിഷേധിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് ആ ബാഗേജ് യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിന്റെ സഹായത്തോടെ ദുബായില്‍ എത്തിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടേത് ഏറെ പ്രധാനപ്പെട്ട യാത്രയായിരുന്നതിനാല്‍ അവിടെ പ്രധാന വ്യക്‌തികള്‍ക്കു സമ്മാനമായി മെമന്റോകള്‍ നല്‍കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പോയപ്പോള്‍ ഒരെണ്ണം മാത്രമാണു തയാറായത്. ബാക്കിയുള്ള മൂന്നോ നാലോ മെമന്റോകള്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ യു.എ.ഇയില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് എന്തു സഹായം വേണമെങ്കിലും ചെയ്‌തു തരാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചിരുന്നു. അപ്പോള്‍ ഇന്ത്യന്‍ എംബസി എല്ലാം ചെയ്യുമെന്ന് അദ്ദേഹത്തോടു പറഞ്ഞു. അതിനു ശേഷമാണു മെമന്റോ എത്തിച്ചുകൊടുക്കേണ്ട സാഹചര്യമുണ്ടായത്.
അതോടെ കോണ്‍സുല്‍ ജനറല്‍ നല്‍കിയ പഴയ സഹായ വാഗ്‌ദാനം സ്വീകരിച്ചു. അങ്ങനെ ആ ബാഗേജ് കോണ്‍സുലേറ്റിലെത്തിച്ചു. അതവിടെ എത്തിച്ചെന്ന കാര്യം സ്വപ്‌ന തന്നെ ഫോണിലൂടെ അറിയിച്ചു. ബാഗേജ് കിട്ടിയെന്ന് യു.എ.ഇയില്‍നിന്ന് അതിനു മുമ്പേ അറിയിപ്പു കിട്ടിയിരുന്നെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha























