പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമായി പിണറായി വിജയൻ.... താഴെയിറക്കാൻ ആളു വരുന്നുണ്ട്?

പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമാണ് പിണറായി വിജയൻ. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞു വീഴ്ത്തികൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്.
സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന പാർട്ടിയെ അദ്ദേഹം പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി.
ശബരിമല പുനഃപരിശോധനാ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. കേരളാ സർക്കാർ കോടതിയിൽ എടുത്ത അതിശക്തമായ നിലപാട് യുവതിപ്രവേശന വിധിയെ സ്വാധീനിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ വിധി പുനഃപരിശോധിക്കരുത് എന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.
പുനഃപരിശോധനാ ഹർജിയുടെ വേളയിൽ മുൻപ് ആചാരങ്ങൾക്ക് വേണ്ടി നിലകൊണ്ട് കേസ് നടത്തിയ ദേവസ്വം ബോർഡ് നിലപാട് മാറ്റി. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് ശക്തമായി വാദിച്ചു. എന്നാൽ തള്ളിയില്ല
2016 ഫെബ്രുവരി 4 ന് അന്നത്തെ യുഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പത്തിനും അൻപതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജി വാദത്തിന് വന്നത് ഇടതു സർക്കാരിന്റെ കാലത്താണ്. പത്തിനും അൻപതിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ദർശനം നൽകണമെന്നാണ് പിണറായി സർക്കാർ വാദിച്ചത്.
അങ്ങനെയാണ് സർക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോൺഗ്രസും ഉമ്മൻ ചാണ്ടിയും കോടതിയിൽ എടുത്തിട്ടുള്ളത്. ഏതായാലും അയ്യപ്പൻ ഇങ്ങനെയും പണിയുമെന്ന് പിണറായി മനസാ വാചാ വിചാരിച്ചിരിക്കില്ല. ഇപ്പോൾ അതിൻ്റെ ഫലം അനുഭവിക്കാൻ പിണറായിയുടെ കുടുംബവും ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha
























