കഴിഞ്ഞ ആറ് മാസക്കാലത്തിലധികം വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ മാത്രം എന്ത് തിരക്കാണ് താങ്കൾക്ക് ഡൽഹിയിൽ ഉണ്ടായിരുന്നത്? വയനാട് എം.പി രാഹുൽ ഗാന്ധിയോട് 10 ചോദ്യങ്ങൾ ചോദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ

ഏറെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയിരിക്കുകയാണ് വയനാട് എം.പി രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇപ്പോഴിതാ മാധ്യമപ്രവർത്തകർ ചോദിക്കാൻ സാധ്യതയില്ലാത്ത ചില ചോദ്യങ്ങൾ ചോദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത് എത്തിയിരിക്കുകയാണ്. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ വയനാട് എം.പിയായ രാഹുൽ ഗാന്ധി എതിർക്കുന്നത് ആദിവാസി സമൂഹത്തെ കോൺഗ്രസിന് എതിരാക്കില്ലേ എന്ന് സന്ദീപ് വാര്യർ ചോദിക്കുകയാണ്.
രാഹുൽ ഗാന്ധിയോട് സന്ദീപ് വാര്യർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ:
1) മഹാരാഷ്ട്രയിൽ താങ്കളുടെ പാർട്ടി പിന്തുണച്ച സർക്കാർ താഴെ വീണിട്ട് ഇരുപത്തിനാല് മണിക്കൂറായി. ഇനിയെങ്കിലും എന്തെങ്കിലും പറയുമോ?
2) രാജസ്ഥാനിൽ ഗെഹ്‌ലോട്ട് സച്ചിൻ തർക്കം കോൺഗ്രസ് സർക്കാരിന്റെ പതനത്തിലേക്കാണ് നയിക്കുന്നത്. എന്താണ് പ്രതികരണം?
3) ഇ.ഡിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കാൻ താങ്കൾക്കായിട്ടില്ല എന്ന് കേൾക്കുന്നു. പ്രതികരണം?
4) ആദിവാസി വനിതയെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ വയനാട് എംപിയായ താങ്കൾ എതിർക്കുന്നത് ആദിവാസി സമൂഹത്തെ കോൺഗ്രസിന് എതിരാക്കില്ലേ ?
5) വയനാട്ടിലെ ആദിവാസി ഊരുകളിലെ ദുരവസ്ഥ നേരിട്ട് സന്ദർശിച്ച് കണ്ട കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി താങ്കളെ വിമർശിച്ചിരുന്നു. പ്രതികരണം ?
6) കഴിഞ്ഞ ആറ് മാസക്കാലത്തിലധികം വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ മാത്രം എന്ത് തിരക്കാണ് താങ്കൾക്ക് ഡൽഹിയിൽ ഉണ്ടായിരുന്നത് ?
അതോടൊപ്പം തന്നെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിൽ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാഹുലിന്റെ സന്ദർശനത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇതിനായി 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























