'ജിമ്മുകള്‍ ക്ഷേത്രങ്ങൾ പോലെ പുണ്യ സ്ഥലം!! ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ പള്ളികളും ക്ഷേത്രങ്ങളും പോലെ വിശുദ്ധ സ്ഥലമായി ജിമ്മുകള്‍ മാറി.. നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി'

ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് കേരള ഹൈക്കോടതി. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ പള്ളികളും ക്ഷേത്രങ്ങളും പോലെ വിശുദ്ധ സ്ഥലമായി ജിമ്മുകള്‍ മാറി, അതിനാല്‍ അവ നിയമപരമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിയമാനുസൃതമായി എല്ലാ രേഖകളും നേടി വേണം പ്രവര്‍ത്തനമെന്നും കോടതി പറഞ്ഞു.
'എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. ജിമ്മുകളുടെ അന്തരീക്ഷം ആകര്‍ഷകമായിരിക്കണം. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി, നിയമപരമായായിരിക്കണം പ്രവര്‍ത്തനം', ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.
ലൈസന്‍സ് ഇല്ലാതെ ഏതെങ്കിലും ജിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലൈസന്‍സുകള്‍ ഇല്ലാത്തവര്‍ക്ക് മൂന്ന് മാസത്തിനകം രേഖകള്‍ എല്ലാം സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കണം. നോട്ടീസ് നല്‍കിയാലും ജിമ്മുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്.
നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെ വീടിന് സമീപം ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്നതിനെ ചോദ്യം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉച്ചത്തില്‍ പാട്ടുവെച്ചുള്ള ജിമ്മിന്റെ പ്രവര്‍ത്തനം തങ്ങളുടെ സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
https://www.facebook.com/Malayalivartha























