ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടി; തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായി, മാപ്പിൽ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത ഇയാൾ എത്തിപ്പെട്ടത് പാലച്ചിറമാടിലെ കുത്തനെയുള്ള ഇറക്കത്തിലുള്ള പാടത്തിൽ

വീണ്ടും പണി കൊടുത്ത് ഗൂഗിൾ മാപ്പ്. അത്തരത്തിൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായ വാർത്തയാണ് മലപ്പുറത്ത് നിന്ന് പുറത്ത് വരുന്നത്. എടരിക്കോട് പാലച്ചിറമാടാണ് സംഭവം നടന്നിരിക്കുന്നത്.
അതായത് കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പൊന്മുണ്ടം സ്വദേശിയാണ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പണി കിട്ടിയത്. മാപ്പിൽ കാണിച്ച വഴിയിലൂടെ തന്നെ യാത്ര ചെയ്ത ഇയാൾ എത്തിപ്പെട്ടത് പാലച്ചിറമാടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. എന്നാൽ ഈ ഇറക്കം ചെന്ന് അവസാനിച്ചതാകട്ടെ ഒരു പാടത്തും.
അതോടൊപ്പം തന്നെ പുതുപ്പറമ്പിലേക്കുള്ള യാത്രയിൽ എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുൻപുള്ള തറമ്മൽ റോഡിലേക്കായിരുന്നു ഇവർ വാഹനം കയറ്റിയത്. കുത്തനെ ഇറക്കമുള്ള ഈ റോഡ് ഒരു പാടം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ നിന്ന് പുതുപ്പറമ്പിലേക്ക് നടന്നു പോകാൻ മാത്രമേ കഴിയുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഈ വഴിയാണ് ഗൂഗിൾ മാപ്പിൽ കാണിച്ചിരുന്നത്.
അങ്ങനെ അബദ്ധം സംഭവിച്ചതറിഞ്ഞ് കാർ പിറകോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഓഫാകുകയും ചെയ്യുകയുണ്ടായി. ഇതോടെ അർദ്ധരാത്രി പെരുവഴിയിലായ കുടുംബം മറ്റുവഴി ഇല്ലാതെ കാർ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ച് നടക്കുകയാണ് ചെയ്തത്. പിന്നീട് മറ്റൊരു വാഹനം വരുത്തിയാണ് ഇവർ യാത്ര തുടർന്നത്. പിറ്റേന്ന് രാവിലെ പ്രദേശവാസികൾ എത്തി വടം കെട്ടി വലിച്ചാണ് സ്ഥലത്ത് നിന്ന് കാർ കയറ്റിയിരുന്നത്.
https://www.facebook.com/Malayalivartha






















