ടൂർ പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം, അതിര് കടന്ന ആഘോഷത്തിൽ കൊമ്പന്‍' ബസ് ഉടമകള്‍ക്കെതിരെ നടപടിയുമായി പോലീസ്, നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്ക് കടിഞ്ഞാണിടാൻ മോട്ടോര്‍ വാഹന വകുപ്പ്

കൊല്ലത്ത് ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ബസ് ഉടമകള്‍ക്കെതിരെ നടപടിയുമായി പോലീസ്.'കൊമ്പന്‍' ബസുടമകളും ഡ്രൈവര്‍മാരുമടക്കം നാല് പേര്‍ക്കെതിരെയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരിക്കുന്നത്.വേഗത്തില്‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കല്‍ കൊണ്ടുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്.
ടൂറിസ്‌റ്റ് ബസുകളില്‍ ഗ്രാഫിക്‌സ് പാടില്ലെന്നും കര്‍ട്ടന്‍ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകള്‍ക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയത്.സംഭവത്തില്‍ ടൂറിസ്റ്റ് ബസുകള്‍ പത്തനംതിട്ട ആര്‍ടിഒ പരിശോധിച്ചു. ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ ബസില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
ബസിലെ നമ്പര്‍ പ്ലേറ്റുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഘടിപ്പിച്ചെന്നും സ്വിച്ചിട്ടാല്‍ പുക പുറപ്പെടുവിക്കുന്ന പ്രത്യേക സ്‌മോക്കര്‍ സംവിധാനം വാഹനത്തില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ആര്‍ടിഒ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശാനുസരമാണ് രണ്ട് ബസുകളും പത്തനംതിട്ട ആര്‍ടിഒ പരിശോധിച്ചത്. നിയമലംഘനം നടത്തുന്ന ടൂറിസ്‌റ്റ് ബസുകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു.
ജൂണ്‍ 30നാണ് കൊല്ലത്ത് ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയത്. പെരുമണ്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ കര്‍ണാടകയിലേക്ക് പഠനയാത്ര പുറപ്പെടുന്നതിന് മുമ്പ് കോളേജില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് സംഭവം.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. മൂന്ന് ടൂറിസ്റ്റ് ബസുകളാണ് യാത്രയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ കൊമ്പന്‍ എന്ന പേരുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. തീപ്പൊരി ബസ്സിന്റെ റബ്ബര്‍ ബീഡിങ്ങില്‍ വീണ് തീപിടിച്ചത് വെള്ളമൊഴിച്ച് കെടുത്തിയതോടെയാണ് അപകടമൊഴിവായത്.
https://www.facebook.com/Malayalivartha






















