ഒന്നും ഏല്‍ക്കുന്നില്ല... സാഹസികമായി അറസ്റ്റ് ചെയ്തിട്ടും ആയുസ് പാളയം പോലീസ് ക്യാമ്പ് മുതല്‍ വഞ്ചിയൂര്‍ കോടതി വരെ; ചാനലുകള്‍ക്ക് റേറ്റിങ്ങും പിസി ജോര്‍ജിനും ശബരീനാഥനും ജനപ്രീതിയും ഉണ്ടാക്കിക്കൊടുക്കയല്ലാതെ ഒന്നും നേടിയില്ല; നാണക്കേടായി പോലീസ്

എത്ര വലിയ കുറ്റം ചുമത്തിയിട്ടും നേതാക്കള്‍ പുല്ല് പോലെ ജാമ്യം നേടുന്നത് പോലീസിന് തലവേദനയാകുന്നു. പിസി ജോര്‍ജിന്റെ അറസ്റ്റ് മുതല്‍ കെഎസ് ശബരീനാഥന്റെ അറസ്റ്റ് വരെ ഇത് കണ്ടതാണ്. സാഹസികമായി അറസ്റ്റ് ചെയ്തിട്ടും ആയുസ് പാളയം പോലീസ് ക്യാമ്പ് മുതല്‍ വഞ്ചിയൂര്‍ കോടതി വരെ മാത്രമായത് നാണക്കേടിന്റെ ആഴം കൂട്ടി.
ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കെ.എസ്.ശബരീനാഥനെ കോടതി ജാമ്യത്തില്‍ വിട്ടതോടെ നാണക്കേടിലാണ് പൊലീസ്. ഗൂഢാലോചനാ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച പി.സി.ജോര്‍ജിനെ സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തത് തിരിച്ചടിച്ചതിനു പിന്നാലെയാണ് ശബരീനാഥന്റെ കാര്യത്തിലും തിരിച്ചടിയുണ്ടായത്.
കുറച്ചുകാലമായി കേരള പൊലീസിനെ പിന്തുടരുന്ന തിരിച്ചടികളില്‍ ഇത്തവണ പെട്ടത് ശംഖുമുഖം പൊലീസിനാണ്. ചോദ്യം ചെയ്യാന്‍ വിളിച്ച യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥനെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയില്‍ അറസ്റ്റ് കഴിഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ പോലും തികഞ്ഞിരുന്നില്ല. ഫലമോ, രാത്രിയായപ്പോഴേക്കും ശബരീനാഥന്‍ വീട്ടിലെത്തി. എന്തിനായിരുന്നു ഇത്ര തിടുക്കത്തിലുള്ള അറസ്റ്റും കസ്റ്റഡിയില്‍ വാങ്ങാനുള്ള വ്യഗ്രതയുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പൊലീസ്.
ശബരീനാഥനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുന്ന സമയത്തു തന്നെയായിരുന്നു പൊലീസ് നടപടിയും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊലീസിനെ ഭരിക്കുന്ന പി. ശശിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരിഹാസം.
മൂന്നു മാസത്തിനിടെ തലസ്ഥാന നഗരത്തിലെ മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ എടുത്ത നടപടികളും തിരിച്ചടിക്കുകയാണുണ്ടായത്. വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം നല്‍കിയ ഫോര്‍ട്ട് എസിക്കായിരുന്നു ആദ്യ നാണക്കേട്. സര്‍ക്കാര്‍ വക്കീല്‍പോലും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പി.സി.ജോര്‍ജ് അന്നുതന്നെ പുറത്തുവന്നു. അടുത്ത ഊഴം കന്റോണ്‍മെന്റ് എസിയുടേതായിരുന്നു.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി.സി.ജോര്‍ജിനെ സോളര്‍ കേസ് പ്രതിയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റു ചെയ്തു. അപ്പോഴും പി.സി.ജോര്‍ജ് ഊരിപ്പോന്നു. ഇത്തവണ ശബരീനാഥിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത് ശംഖുമുഖം എസി. ഫലം പഴയതുതന്നെ.
ഇതിനിടയിലാണ് കഴിഞ്ഞ മാസം മുപ്പതിന് സിപിഎം ആസ്ഥാനത്തിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. അതും പൊലീസിന്റെ കൈപ്പാടകലത്തില്‍ വച്ച്. അക്രമം നടത്തിയ ആള്‍ നഗരത്തില്‍ എവിടെയോ മറഞ്ഞു. വ്യക്തതയുള്ള ഒരു സിസിടിവി ദൃശ്യം പോലും കിട്ടാതെ, പൊലീസ് ഒടുവില്‍ പടക്ക കച്ചവടക്കാരെ തപ്പി നടക്കുന്നതും വാര്‍ത്തയായി. ഭരണസിരാകേന്ദ്രത്തില്‍ മാത്രം 90 ദിവസത്തിനിടെ ഉണ്ടായ കാര്യങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്ന നിലപാട് ആവര്‍ത്തിച്ച് കെ.എസ്. ശബരീനാഥന്‍ പുറത്തിറങ്ങിയത്. എന്തൊക്കെ കേസ് ചുമത്തിയാലും പിന്നോട്ടു പോകില്ലെന്നും സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും ശബരീനാഥന്‍ വ്യക്തമാക്കി. എന്തായാലും അധികം തിളങ്ങാതിരുന്ന പിസി ജോര്‍ജിനേയും ശബരീനാഥനേയും പിടിച്ച് സ്റ്റാര്‍ ആക്കിയത് പോലെയുണ്ട്.
https://www.facebook.com/Malayalivartha
























