സ്‌കൂട്ടര്‍ ടോറസിനടിയില്‍ കുടുങ്ങി; കണ്ടുനിന്നവര്‍ ബഹളം വച്ചു; വണ്ടിക്കടിയില്‍ നിന്ന് രണ്ടാം ജന്മത്തിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇങ്ങനെ

തൃപ്രയാര്‍ എടമുട്ടത്ത് ഇന്നലെ നടന്ന അപകടത്തിൽ നിന്നും സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എറിയാട് നെല്ലുപറമ്പില്‍ അബ്ദുള്‍ഷുക്കൂര്‍ (60) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ടോറസിനടിയിലേക്ക് സ്‌കൂട്ടറടക്കം വീഴുകയായിരുന്നു അബ്ദുള്‍ ഷുക്കൂര്‍. പെയിന്റ് പണിക്കാരനായ അബ്ദുള്‍ഷുക്കൂര്‍ പെയിന്റ് എടുക്കാന്‍ കടയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
വാഹനക്കുരുക്ക് തീര്‍ന്ന സമയത്ത് സ്‌കൂട്ടര്‍ ടോറസിന് മുന്നില്‍ വരുകയായിരുന്നു. എന്നാൽ ഡ്രൈവര്‍ അത് കണ്ടില്ല. പിന്നാലെ പതുക്കെ മുന്നോട്ടെടുത്ത ടോറസ് ഇടിച്ചതോടെ സ്‌കൂട്ടറും യാത്രികനും വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. ടോറസ് പതുക്കെ മുന്നോട്ടെടുത്തപ്പോൾ അതിനനുസരിച്ച് സ്‌കൂട്ടര്‍ യാത്രികനും നിരങ്ങി മുന്നോട്ടു നീങ്ങി. അതേസമയം ബസ് കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരും എടമുട്ടത്തെ വ്യാപാരികളും ബഹളം വെച്ചതോടെ ടോറസ് നിർത്തുകയായിരുന്നു.
സ്‌കൂട്ടര്‍ യാത്രികനെ ബസ് കാത്തു നിന്നിരുന്ന യുവതിയും ഓടിയെത്തിയവരും എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു. നിലവിൽ കാലിന് പരിക്കുപറ്റിയ അബ്ദുള്‍ഷുക്കൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തെ കച്ചവടസ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha