അർദ്ധരാത്രി ഭർതൃ വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങി; യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ട് പന്തികേട് തോന്നി ഇടപെട്ട് പോലീസ്

രാത്രിയിൽ ഒറ്റയ്ക്ക് നടന്ന് പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ട് പന്തികേട് തോന്നിയ കേരളാ പോലീസ് സമയോചിതമായി ഇടപെട്ടു. പോലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ പോലീസ് സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു. ഭർതൃവീട്ടുകാരോട് പിണങ്ങിയ യുവതി വീട്ടുകാർ അറിയാതെ റോഡിലിറങ്ങി കിലോമീറ്ററുകൾ അകലയുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു.
കോഴിക്കോട് നാദാപുരത്താണ് സംഭവം. പുലർച്ചെ ഒരു മണിയോടെ ടൗണിൽ സ്ഥാപിച്ച ക്യാമറയിൽ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിയുകയായിരുന്നു. സ്റ്റേഷൻ ചുമതലയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.കെ ഷറീഫാണ് യുവതിയുടെ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വിവരം ജിഡി ചാർജ് ഓഫീസർ പി.കെ.ജലീലിനെയും കൺട്രോൾ റൂമിലും, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മൊബൈലിനെയും വിവരം അറിയിച്ചു.
നിമിഷങ്ങൾക്കുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ടൗണിലെത്തി യുവതിക്കായി തെരച്ചിൽ നടത്തി. സിആർവി 21 നമ്പർ കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തി. നാദാപുരം കസ്തൂരിക്കുളം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് യുവതിയുടെ വീട്ടുകാരുടെ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയും നാദാപുരത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ വീട്ടുകാർക്കൊപ്പം യുവതിയെ പറഞ്ഞയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha