വിദേശ ചരക്കു കപ്പലിനുള്ളിൽ അപകടം; കാൽ ഒടിഞ്ഞ റഷ്യക്കാരനായ ജീവനക്കാരന് അടിയന്തര ചികിത്സക്കായി കരയിലെത്തിക്കാൻ രാത്രിയിൽ അടിയന്തിര ക്രൂ ചേഞ്ചിംഗ് നടത്തി വിഴിഞ്ഞം സെന്റർ

വിദേശ ചരക്കു കപ്പലിനുള്ളിലുണ്ടായ അപകടത്തിൽ റഷ്യക്കാരനായ ജീവനക്കാരന് കാൽ ഒടിഞ്ഞു. അടിയന്തര ചികിത്സക്കായി കരയിലെത്തിക്കാൻ രാത്രിയിൽ അടിയന്തിര ക്രൂ ചേഞ്ചിംഗ് നടത്തിയിരിക്കുകയാണ് വിഴിഞ്ഞം സെന്റർ. ജോർദാനിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോയ സീം സോക്രട്ടീസ് എന്ന കപ്പലിലെ വൈപ്പർ റാങ്കിലുള്ള ജീവനക്കാരൻ ദിമിത്രി ബൈറ്റ്സംകോ (25) വിനാണ് ഇരുമ്പ് പൈപ്പ് വീണ് ഇടത് കാലിന് ഗുരുതര പരിക്ക് സംഭവിച്ചത്.
വിഴിഞ്ഞം തുറമുഖത്ത് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ട്. രാത്രി എട്ടരയോടെ പുറം കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നു തുറമുഖത്തെ ധ്വനി എന്ന ടഗ്ഗിന്റെ സഹായത്തോടെ ഏറെ സാഹസപ്പെട്ട് കരയിലെത്തിച്ച ദിമിത്രിയെ വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
അതേസമയം തുറമുഖ പർസർ വിനിലാൽ, വാർഫ് സൂപ്പർ വൈസർ അജീഷ്, ജീവനക്കാരായ അജിത് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകിയിരുന്നു. ഷിപ്പിംഗ് ഏജൻസിയായ സി മാക്സ് മറൈൻ സർവ്വിസസ് ആണ് ചികിത്സക്കായുള്ള ക്രൂ ചേഞ്ചിംഗിനായി കപ്പൽ എത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha