ലോട്ടറിയിലൂടെ ഭാഗ്യമെത്തുന്നവർക്ക് ഇനി ബോധവൽക്കരണ ക്ലാസും, സമ്മാനത്തുക കാര്യക്ഷമമായി വിനിയോഗിക്കാൻ വിദഗ്ധ ക്ലാസുകൾ നൽകാൻ ലോട്ടറി വകുപ്പിന്റെ തീരുമാനം

ലോട്ടറിയടിക്കുന്ന ഭാഗ്യശാലികൾക്ക് ബോധവൽക്കരണം നൽകാനൊരുങ്ങുന്നു. ഭാഗ്യമെത്തിയിട്ടും ഇത്തരക്കാരുടെ ജീവിതം സാമ്പത്തിക ഭദ്രത കൈവരിക്കാനാകാതെ പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി ലോട്ടറി വകുപ്പാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാമെന്നതിൽ ഇവർക്ക് വിദഗ്ധ ക്ലാസുകൾ നൽകാനാണ് തീരുമാനം.
ലോട്ടറിയുടെ ഭാഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ അറിയാത്തതിനാൽ പലരും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ചെന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. പണം സുരക്ഷിതമായി വിനിയോഗിക്കാനോ നിക്ഷേപം നടത്താനോ അറിയാത്തതാണ് ഇതിന് കാരണം.
ഇത്തരം ഘട്ടത്തിൽ വിജയികൾക്ക് നിർദ്ദേശങ്ങൾ നൽകി പണം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ വ്യക്തമാക്കി. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക.
ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള പാഠ്യപദ്ധതികൾ ഉടൻ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികൾ, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്.
https://www.facebook.com/Malayalivartha