നടിയെ ആക്രമിച്ച കേസ്... കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്; കേസിലെ അതിജീവിതയ്ക്കും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ദിലീപ് സുപ്രീംകോടതിയില്‍. 133 പേജ് നീണ്ട അപേക്ഷയുമായിട്ടാണ് പ്രതി ദിലീപ് സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുന്നത്. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നതാണ് പ്രധാന ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്.
തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 17 ആവശ്യങ്ങളാണ് ദിലീപ് പ്രധാനമായും സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ കേസിലെ അതിജീവിതയ്ക്കും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉയര്‍ത്തുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് അന്ന് വാദിച്ചത്.
സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകള്‍ അന്വേഷണസംഘത്തിന് നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.
അതേസമയം കേസില്‍ പിടിക്കപ്പെട്ട ഉടന്‍ നടന്‍ ദിലീപിന്റെ പേര് സുനി വെളിപ്പെടുത്താതിരുന്നത് അപായ ഭീതി കൊണ്ടാണെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണ്. ഇത് കൂടി മനസിലാക്കിയാണ് ഇക്കാര്യങ്ങള്‍ കോടതിയോടു വെളിപ്പെടുത്തിയതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. അനുബന്ധ കുറ്റപത്രത്തിനൊപ്പമാണ് അന്വേഷണസംഘം രഹസ്യമൊഴിയും കോടതിയില്‍ സമര്‍പ്പിച്ചത്.
കൂടാതെ ജയിലിനുള്ളില്‍ വെച്ച് തന്നെ അപായപ്പെടുത്തിയാല്‍ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പള്‍സര്‍സുനി ഏല്‍പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. 2018ല്‍ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണു സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏല്‍പിച്ചത്. 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.
https://www.facebook.com/Malayalivartha