രണ്ട് ഡിജിപിമാര്‍... ദിലീപിന് അനുകൂലമായി ഒരു മുന്‍ ഡിജിപി എത്തിയതിന് പിന്നാലെ മുന്‍ ഭാര്യയുമായി ബന്ധമുള്ള ഡിജിപിയെ മുന്നില്‍ നിര്‍ത്തി ദിലീപ്; കേസിനാധാരം മുന്‍ഭാര്യയുടെ ഡിജിപി ബന്ധം; നിര്‍ണായക നീക്കവുമായി ദിലീപ് സുപ്രീം കോടതിയില്‍

ദിലീപിന് അനുകൂലമായി മുന്‍ ഡിജിപി ശ്രീലേഖ എത്തിയിട്ട് അധിക നാളായില്ല. ഇപ്പോഴിതാ ദിലീപ് തന്നെ ഔദ്യോഗികമായി മറ്റൊരു ഡിജിപിയുടെ പേര് എടുത്തിടുകയാണ്. മുന്‍ഭാര്യയുടെ ഡിജിപി ബന്ധം സുപ്രീം കോടതിയിലാണ് ദിലീപ് വെളിപ്പെടുത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷയില്‍ അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴില്‍പരമായും എതിര്‍പ്പുള്ളതിനാല്‍ തന്നെ ഈ കേസില്‍പ്പെടുത്തിയതാണെന്നും ദിലീപ് ആരോപിക്കുന്നു. അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും അപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നാണ് ദിലീപിന്റെ വാദം.
അതേസമയം ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതി കൈമാറേണ്ടത് ഏതു കോടതിയിലേക്കാണെന്ന കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേസ് വിചാരണക്കോടതി ഓഗസ്റ്റ് 6 ലേക്കു മാറ്റി.
അങ്കമാലി മജിസ്‌ട്രേട്ട് കോടതി കുറ്റപത്രം അഡീ. സെഷന്‍സ് കോടതിയുടെ അധികാരമുള്ള വിചാരണക്കോടതിയിലേക്കാണു കൈമാറിയത്. ഇതു സംബന്ധിക്കുന്ന കത്ത് ഇന്നലെ കോടതിയില്‍ വായിച്ചു. കേസിലെ ആദ്യ കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വഴിയാണു വിചാരണക്കോടതിക്കു കൈമാറിയിരുന്നത്.
ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ വിചാരണക്കോടതിയുടെയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും ചുമതല ഹണി എം. വര്‍ഗീസിനു തന്നെയാണ്.
നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ ചുമതല ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയായ ഡോ. കൗസര്‍ എടപ്പഗത്തിനായിരുന്നു. നടിയെ പീഡിപ്പിച്ച കേസ് ആദ്യം പരിഗണിച്ചതും അദ്ദേഹമാണ്. എന്നാല്‍, കേസ് വനിതാ ജഡ്ജിയുടെ കോടതിയില്‍ വിചാരണ ചെയ്യണമെന്ന അതിജീവിതയുടെ ഹര്‍ജിയിലാണ് അന്നു സിബിഐ സ്‌പെഷല്‍ ജഡ്ജിയുടെ അധികച്ചുമതല കൂടിയുണ്ടായിരുന്ന അഡീ. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണച്ചുമതല ഏല്‍പിച്ചത്.
കേസിന്റെ വിചാരണയ്ക്കിടയിലാണു ഹണി എം. വര്‍ഗീസിനു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതെങ്കിലും നടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha