സജി ചെറിയാന്‍ പോയിട്ടും... സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ അനാഥമായ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റി നിയമിച്ചതില്‍ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നിയമമാണ് പ്രധാനം, വ്യക്തിയല്ല; സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടെ; ന്യായീകരിച്ച് എകെ ബാലന്‍

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വച്ചതോടെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട നിരവധിപേര്‍ വഴിയാധാരായി. എല്ലാവരും കൂട്ടത്തോടെ പോകേണ്ടി വരുമെന്ന ഘട്ടമാണ് വന്നത്. അപ്പോഴാണ് ഈ സ്റ്റാഫുകളെ മറ്റു മന്ത്രിമാരുടെ കൂടെ ഉള്‍ക്കൊള്ളിച്ചത്. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാറ്റി നിയമനം നല്‍കിയത്.
അതേസമയം പെന്‍ഷന്‍ ഉറപ്പാക്കാന്‍ മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടേ. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സക്കാര്‍ ഇപ്പോഴും അതേ രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ഗവ!ര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ ജുലൈ ആറിനാണ് സജി ചെറിയാന്റെ രാജി. മന്ത്രി മാറിയെങ്കിലും സ്റ്റാഫിനെ വിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് കാണിച്ചാണ് പുനര്‍നിയമനം നടത്തിയത്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം.
സജിയുടെ ക്ലര്‍ക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്റെ സ്റ്റാഫില്‍. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പുനര്‍ നിയമനം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫില്‍ നടത്തി. വി എന്‍ വാസവന്റെ സ്റ്റാഫില്‍ അഞ്ച് പേര്‍. ബാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്നവര്‍ തിരികെ പോയി.
ഈ മൂന്ന് മന്ത്രിമാര്‍ക്കുമായിരുന്നു സജിയുടെ വകുപ്പുകള്‍ വിഭജിച്ച് നല്‍കിയത്. രണ്ട് വര്‍ഷം എങ്കിലും സര്‍വ്വീസ് ഉണ്ടെങ്കിലോ പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന് അര്‍ഹതയുള്ളൂ. അത് ഉറപ്പാക്കാനാണ് വീണ്ടും നിയമനം. മാറ്റി നിയമനത്തില്‍ സ്റ്റാഫ് എണ്ണത്തിലെ ഇടത് നയവും മറികടന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എല്‍ഡിഎഫ് 25 ആക്കിയിരുന്നു.
റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം ഇപ്പോള്‍ 28 ആയി. രാഷ്ട്രീയ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നതില്‍ ഗവര്‍ണര്‍ കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചത്. നിയമനങ്ങളുടെ വിവരം രാജ്ഭവന് കൈമാറിയ സര്‍ക്കാര്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത അറിയിച്ചിട്ടില്ല. അടുത്ത ഗവര്‍ണറുടെ നീക്കം എന്താണെന്നറിയില്ല.
അതിനിടെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സജി ചെറിയാന്റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയത് കൊണ്ട് അധിക ചെലവ് ഇല്ലെന്നാണ് മുന്‍ മന്ത്രി എ കെ ബാലന്റെ ന്യായീകരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതില്‍ മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം 30 ആയിരുന്നുവെന്നും ബാലന്‍ കുറ്റപ്പെടുത്തു. ഇടത് സര്‍ക്കാര്‍ സ്റ്റാഫ് എണ്ണം 25 എന്ന് തീരുമാനിച്ചത് വഴി 60 കോടിയിലധികം രൂപ ലാഭിച്ചുവെന്നും ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ ജൂലൈ ആറിനാണ് സംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വെച്ചത്. മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണല്‍ സ്റ്റാഫിനെ വിടാന്‍ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനര്‍ നിയമന ഉത്തരവ്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിയമനം.
"
https://www.facebook.com/Malayalivartha