വിഴിഞ്ഞം ദുരഭിമാന കടല്‍ക്കൊല... 2018 ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കു ശേഷമുള്ള രണ്ടാമത്തെ ദുരഭിമാനക്കൊല, കാമുകിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ കടലില്‍ വീഴ്ത്തി കൊന്ന് തെളിവു നശിപ്പിച്ച കേസ്,കാമുകിക്കും സഹോദരനും സഹോദരീ ഭര്‍ത്താവിനും സുഹൃത്തിനുമടക്കം 4 പ്രതികള്‍ക്ക് ജാമ്യമില്ല,കൊലപ്പെടുത്താനായി വിളിച്ചു വരുത്തിയതാണോയെന്നതടക്കം കിരണ്‍ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി

2018 ല്‍ സവര്‍ണ്ണ സമ്പന്ന കുടുംബാംഗമായ നീനു ചാക്കോയെ പ്രണയ വിവാഹം ചെയ്തതിന് അവര്‍ണ്ണനെ തട്ടിക്കൊണ്ടുപോയി മൃതപ്രായനാക്കി മണിമലയാറ്റില്‍ ഓട്ടിച്ച് മുക്കിക്കൊന്ന ദളിത് ക്രിസ്റ്റ്യന്‍ കെവിന്‍ മോഡല്‍ വിഴിഞ്ഞം ദുരഭിമാന കടല്‍ക്കൊല കേസില്‍ കാമുകിയുടെ സഹോദരിയടക്കം 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വിഴിഞ്ഞം ദുരഭിമാനക്കൊലക്കേസില്‍ കൊല്ലപ്പെട്ട കിരണിന്റെ കാമുകിയും സഹോദരനും യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവും സുഹൃത്തുമടക്കം 4 പേര്‍ക്ക് ജാമ്യം നിഷേധിച്ചത്.
കൊലപ്പെടുത്താനായി വിളിച്ചു വരുത്തിയതാണോയെന്നതടക്കം കിരണ്‍ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 2018 ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കു ശേഷമുള്ള രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. കാമുകിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ മര്‍ദ്ദിച്ച് ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പാറപ്പുറത്ത് ഓട്ടിച്ചു കയറ്റി കടലില്‍ വീഴ്ത്തി കൊന്ന് തെളിവു നശിപ്പിച്ച കേസിലാണ് ജഡ്ജി എ. ഇജാസ് ജാമ്യം നിരസിച്ചത്. ആരോപിക്കുന്ന കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രതികള്‍ അര്‍ഹരല്ല.
പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് പ്രതികളുടെ സാന്നിധ്യത്തിലുള്ള അന്വേഷണം ആവശ്യമുണ്ട്. അന്വേഷണം ശൈശവ ഘട്ടത്തിലെത്തി നില്‍ക്കുന്ന കേസില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്താനും മൊഴി തിരുത്തിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള അസാധാരണ വിവേചന അധികാര പരിധിയായ അറസ്റ്റിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യത്തിന് ഈ കേസിലെ കാമുകിയായ യുവതിയടക്കമുള്ള പ്രതികള്‍ അര്‍ഹരല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കാമുകി , യുവതിയുടെ സഹോദരന്‍ വിഴിഞ്ഞം കോട്ടുകാല്‍ അഴിമല പുളിങ്കുടി ഹരിശ്രീ നഗറില്‍ ഹരിയെന്ന സജിത് കുമാര്‍ (35) , യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ആര്‍.എസ്. രാജേഷ് , സുഹൃത്ത് അരുണ്‍ എന്ന ശശികുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് തള്ളിയത്.
മൊട്ടമൂട് വള്ളോട്ടുകോണം ആര്‍.സി. പള്ളിക്ക് സമീപം മധു - മിനി ദമ്പതികളുടെ മകന്‍ കിരണ്‍ (25) ആണ് ജൂലൈ 9 ന് പട്ടാപ്പകല്‍ കടലില്‍ കൊല്ലപ്പെട്ടത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനെത്തിയതായിരുന്നു കിരണ്‍. സുഹൃത്തായ അനന്തുവിനും ബന്ധുവായ മെല്‍വിനുമൊപ്പമാണ് എത്തിയത്. യുവതിയുടെ വീടിന് മുന്നിലെത്തിയ ഇവരെ സഹോദരന്‍ ഹരിയും രാജേഷും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിന് ശേഷം ആഴിമല ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി. രാജേഷിന്റെ ബൈക്കിലിരുത്തിയാണ് കിരണിനെ അപഹരിച്ച് തട്ടിക്കൊണ്ടുപോയത്. വീഡിയോ ദൃശ്യങ്ങളില്‍ കിരണ്‍ ആരെയോ ഭയന്ന് തിരിഞ്ഞു നോക്കി ഓടുന്ന രംഗങ്ങളുണ്ട്.
ആഴിമല പാറപ്പുറത്ത് നിന്ന് കിരണിന്റെ ചെരിപ്പുകളിലൊന്ന് കിട്ടിയിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ജൂലൈ 9 ന് കടലില്‍ കാണാതായ കിരണിന്റെ ശവശരീരം പൊങ്ങിയത് നാലാം നാള്‍ 13 ന് കുളച്ചല്‍ ഇരയിമ്മന്‍ തുറ കടല്‍ തീരത്തായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കിരണ്‍ തന്നെയെന്ന് തെളിയുകയായിരുന്നു.
ആഴിമലയില്‍ കടലില്‍ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പോലീസ് ജൂലൈ 28 ന് തമിഴ്‌നാട് പോലീസിനെ സമീപിച്ചു. തമിഴ്നാട്ടിലെ ഇരയിമ്മന്‍ തുറയില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് 27 ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ചെന്നും, മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കാല്‍വഴുതി കടലില്‍ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് 27 ന് അറസ്റ്റ് ചെയ്തു. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. 28 ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സജിത്കുമാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കിരണിന്റെ മൃതശരീരം ബന്ധുക്കളെത്തി കുളച്ചല്‍ നിദ്രവിള' പോലീസ് സ്റ്റേഷന്‍ മുഖേന ജൂലൈ 28 ന് ഏറ്റുവാങ്ങി മൊട്ടമൂട് വീട്ടിലെത്തിച്ചു.തുടര്‍ന്ന് മാറനല്ലൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
വിഴിഞ്ഞം പോലീസ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കുകയായിരുന്നു. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലാണ് കിരണിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് പോലീസില്‍ നിന്നു വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് ശേഖരിക്കും. തിരുവനന്തപുരംരാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയെന്ന് വ്യക്തമായത്.
നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. കൂട്ടുകാരിയെ കാണാനെത്തിയതിന് തല്ലേണ്ടതില്ലായിരുന്നുവെന്നും അവര്‍ക്ക് ബുദ്ധിമുട്ടായെങ്കില്‍ കിരണുള്‍പ്പെടെ 3 പേരെയും പോലിസില്‍ ഏല്‍പ്പിക്കാമായിരുന്നെന്നും അങ്ങനെയെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും പിതാവ് വ്യക്തമാക്കി.
കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും കോട്ടയം സെഷന്‍സ് കോടതിയാല്‍ ശിക്ഷിക്കപ്പെട്ട് കഠിന തടവനുഭവിക്കുകയാണ്. നീനുവിന്റെ പിതാവിനെ കോടതി വെറുതെ വിട്ടു.
" f
https://www.facebook.com/Malayalivartha