കോഴിക്കോട് സ്വര്‍ണക്കടത്ത് : പോലീസ് റെയ്ഡിനിടെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് അപായപ്പെടുത്താന്‍ ശ്രമം

പേരാമ്പ്രയിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാരെ പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
അതേസമയം സ്വര്‍ണം ഷമീറിന് കൈമാറിയെന്നായിരുന്നു ഇര്‍ഷാദ് നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സൂപ്പിക്കടയിലെ ഷമീറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സംഭവം നടന്നത്. പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തിലാണ് പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന രണ്ട് പാചകവാതക സിലിന്‍ഡര്‍ തുറന്നിട്ട് കത്തിയുമായി ഷമീര്‍ ഭീഷണി മുഴക്കുകയായിരുന്നു.
ഇത് കൂടാതെ കൈയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതേസമയം ഉമ്മയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇതേതുടർന്ന് പോലീസ് ഷമീറിനെ പിടികൂടാതെ വീടിന്റെ പുറത്ത് നിന്നു. ഉടനെ ഷമീര്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. മാത്രമല്ല അപായഭീഷണിയുടെ പശ്ചാത്തലത്തില്‍ പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഷമീര്‍ പോയതിനുപിന്നാലെ പാചകവാതക സിലിന്‍ഡറുകള്‍ സേന പെട്ടെന്ന് പുറത്തേക്ക് മാറ്റുകയും, ഇത് പിന്നീട് പോലീസ് കൊണ്ടുപോവുകയും ചെയ്തു. ഷമീറിനെ പിന്നീട് സമീപപ്രദേശത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha