ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: ഗവർണർക്ക് മുന്നിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്

ചിന്താ ജെറോമിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി രംഗത്ത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചുകൊണ്ട് ഡി വൈ എഫ് ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്.
സംസ്ഥാന യുവജന കമ്മീഷൻ എന്നത് സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമാണെന്നും, ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു.
ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുന്നതാണ് അഭികാമ്യമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. സർക്കാർ സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തി അംഗീകരിക്കാനാകില്ല. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.
https://www.facebook.com/Malayalivartha