ചികില്‍സയ്ക്ക് പണം കിട്ടാതെ മരിച്ചയാളുടെ വീട് മന്ത്രി ആര്‍.ബിന്ദു സന്ദര്‍ശിച്ചു... മന്ത്രി ഖേദപ്രകടനം നടത്തിയെന്നും മാപ്പു പറഞ്ഞില്ലെന്നും ഫിലോമിനയുടെ കുടുംബം

തട്ടിപ്പുനടന്ന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികില്‍സയ്ക്ക് പണം കിട്ടാതെ മരിച്ചയാളുടെ വീട് മന്ത്രി ആര്‍.ബിന്ദു സന്ദര്‍ശിച്ചു. മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട്ടിലാണ് മന്ത്രിയെത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും അവരുടെ പരാതികള്‍ കേട്ടെന്നും സന്ദര്‍ശനശേഷം മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രി ഖേദപ്രകടനം നടത്തിയെന്നും മാപ്പു പറഞ്ഞില്ലെന്നും ഫിലോമിനയുടെ കുടുംബം.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയര്‍ന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു നേരത്തെ പറഞ്ഞിരുന്നു. വ്യാഴാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞത്.
'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നല്‍കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തില്‍പരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നല്‍കിയിരുന്നു. മരണം ദാരുണമാണ്. എന്നാല്‍, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദര്‍ഭമുണ്ടാക്കുന്നത് ശരിയല്ല' മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രി പറയുന്നത് അവാസ്തവമാണെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിയും മകന്‍ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ, ഫിലോമിനയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭര്‍ത്താവ് ദേവസിയും മകന്‍ ഡിനോയും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു.
കൂടാതെ, ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും സമരം തുടര്‍ന്നു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായും ബന്ധുക്കളുമായി ചര്‍ച്ച നടത്തി. മരണാനന്തര ചടങ്ങുകള്‍ക്ക് പണം അനുവദിക്കാതെ സമരത്തില്‍നിന്ന പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ധാരണയിലെത്താമെന്ന് അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha