സ്വർണവേട്ടയുമായി ഇന്ത്യ... ഭാരോദ്വഹനത്തിൽ ചരിത്രം കുറിച്ച് ജെറമി... കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം ലഭിച്ചിരിക്കുകയാണ്. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണ മെഡൽ നേട്ടം. 67 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിൻ നുങ്കയാണ് സ്വർണം നേടിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോട് കൂടിയാണ് ജെറമിയുടെ സ്വർണനേട്ടം.
സമോവയുടെ വൈഭവ നെവോ വെള്ളിയും നൈജീരിയയുടെ എഡിഡിയോംഗ് ജോസഫ് ഉമോഫിയ വെങ്കലവും സ്വന്തമാക്കി. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് കൂടിയായ ഈ 19 കാരൻ ആകെ 300 കിലോ ഭാരമാണ് ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിന്റെ 22-ാം പതിപ്പിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ആദ്യ ക്ലീൻ ആൻഡ് ജെർക്ക് ശ്രമത്തിൽ തിരിച്ചടി നേരിട്ട ശേഷം ശക്തമായ തിരിച്ചു വരവാണ് ജെറമി നടത്തിയത്. മത്സരത്തിലുടനീളം പേശി വേദന ജെറമിയെ അലട്ടിയിരുന്നു. മൂന്നാം ശ്രമത്തിൽ കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. വേദന കടിച്ചമർത്തിയാണ് ഗെയിംസ് വേദിയിൽ ജെറമി ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്.
സ്നാച്ചിൽ 140 കിലോ ഉയർത്തിയതോടെയാണ് ജെറമി ഗെയിംസ് റെക്കോർഡിട്ടത്. ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉയർത്തിയ ജെറമിയുടെ പ്രകടനത്തിന്റെ സമീപത്തെങ്ങും എത്താൻ എതിരാളികൾക്ക് സാധിച്ചില്ല. കോമൺവെൽത്ത് ഗെയിംസിൽ ജെറമിയുടെ ആദ്യ സ്വർണ മെഡൽ നേട്ടമാണ് ഇത്.
വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തിൽ സങ്കേത് സർഗർ വെള്ളി നേടിയപ്പോൾ 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും സ്വന്തമാക്കി.55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു.
https://www.facebook.com/Malayalivartha