മനുഷ്യരായി പോലും ചിലർ പരിഗണിക്കുന്നില്ല, കുറഞ്ഞ പക്ഷം അപമാനിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം: തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ കുറിച്ച് മേയർ ആര്യ രാജേന്ദ്രൻ

തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ മനുഷ്യരായി പോലും ചിലർ പരിഗണിക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. നമ്മുടേത് ഒരു പുരോഗമന സമൂഹമാണെന്ന് അവകാശപ്പെടുമ്പോഴും നമുക്കിടയിൽ ചിലരെങ്കിലും ഇത്തരത്തിൽ പുരോഗമന സമൂഹത്തിന് നിരക്കാത്ത മാനസികാവസ്ഥ ഉള്ളവരായി തുടരുന്നു എന്നത് ഖേദകരമാണെന്ന് മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കൂടാതെ തൊഴിലാളികൾക്ക് ശമ്പള വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചതായും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണെന്ന് പറയാവുന്ന തൊഴിലാളികളാണ് തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾ. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ അവർ നൽകിയ സേവനങ്ങളും സഹായങ്ങളും മറക്കാവുന്നതല്ല. ഏറെ നാളായി അവർ ചില ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇന്നലെ അവരുമായി ഒത്ത് കൂടി. വിശദമായി തന്നെ അവർ ആവശ്യങ്ങളും പരാതികളും അവതരിപ്പിച്ചു. പ്രധാനകാര്യങ്ങൾ ശമ്പള വർദ്ധനയും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയുമായിരുന്നു.
ശമ്പള വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചു. അതോടൊപ്പം സുരക്ഷാ ഉപകരണങ്ങൾ ആവശ്യാനുസൃതം ലഭ്യമാക്കാനുള്ള നിർദ്ദേശവും ബന്ധപ്പെട്ടവർക്ക് നൽകി. തൊഴിലാളികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ഇന്നലത്തെ ചർച്ചയിൽ ഉയർന്ന ഏറ്റവും സങ്കടകരമായ ഒരനുഭവം ഈ തൊഴിലാളികളോടുള്ള ചിലരുടെ പെരുമാറ്റത്തെ സംബന്ധിച്ചാണ്. മനുഷ്യരായി പോലും ചിലർ പരിഗണിക്കുന്നില്ല എന്ന അവരുടെ വിഷമം അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
നമ്മുടേത് ഒരു പുരോഗമന സമൂഹമാണെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും നമുക്കിടയിൽ ചിലരെങ്കിലും ഇത്തരത്തിൽ പുരോഗമന സമൂഹത്തിന് നിരക്കാത്ത മാനസികാവസ്ഥ ഉള്ളവരായി തുടരുന്നു എന്നത് ഖേദകരമാണ്. ഞാനും നിങ്ങളും ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോരാ, വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. അത് ഒരുപരിധി വരെ നിർവഹിച്ച് നമ്മുടെ നാടിനെ സാംക്രമിക രോഗങ്ങളിൽ നിന്നെല്ലാം സംരക്ഷിക്കാൻ സ്വന്തം ആരോഗ്യത്തെ പോലും ചില ഘട്ടങ്ങളിൽ അവഗണിച്ച് തന്നെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും അതിലേറെ ആദരവോടെയും പെരുമാറാൻ നമുക്ക് കഴിയണം.
അതിനൊന്നും സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അപമാനിക്കാതിരിക്കാമെങ്കിലും തയ്യാറാകണം. തൊഴിലാളികൾക്കെതിരെയും ചില പരാതികൾ പൊതുജനങ്ങളിൽ നിന്ന് കിട്ടുന്ന കാര്യം അവരുടെ ശ്രദ്ധയിലും കൊണ്ട് വന്നു. അതും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകി.
തൊഴിലാളികളോടുള്ള പെരുമാറ്റം മനുഷ്യത്വപരമാകാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. യോഗം കഴിഞ്ഞ് തൊഴിലാളികളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ ദിവസങ്ങളുടെ കൂട്ടത്തിൽ നിശ്ചയമായും ഇന്നലത്തെ ദിവസവും ഉണ്ടാകും.
https://www.facebook.com/Malayalivartha