ചെലവഴിച്ചത് 4 മാസം ദിവസവും 20 മണിക്കൂറോളം; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രം തയാറാക്കി കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ, 4 മീറ്റർ വീതം നീളവും വീതിയുമുള്ള ചിത്രം പൂർത്തിയാക്കിയത് കഠിന പരിശ്രമത്തിലൂടെ
ഏവർക്കും പ്രിയപ്പെട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രം തയാറാക്കി കയ്യടി നേടി കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ. 4 മാസം ദിവസവും 20 മണിക്കൂറോളം പ്രയത്നിച്ചാണ് 4 മീറ്റർ വീതം നീളവും വീതിയുമുള്ള ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.
ചാർട്ട് പേപ്പറുകളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന പേര് ഇംഗ്ലിഷിൽ തന്നെ രണ്ടു ലക്ഷത്തോളം തവണ എഴുതേണ്ടി വന്നു. രണ്ടു പരീക്ഷകളും പല പരിപാടികളും ഇക്കാലയളവിൽ ഉപേക്ഷിക്കുകയും ചെയ്തു. ഉറക്കം 4 മണിക്കൂറാക്കി ചുരുക്കിയിരുന്നു. കൈകൾ വീർക്കുകയും ചുവക്കുകയും ചെയ്തു. എങ്കിലും ഷെയ്ഖ് മുഹമ്മദിന്റെ ജന്മദിനമായ ജൂലൈ 15ന് ചിത്രം സമ്മാനമായി നൽകണം എന്ന സ്വപ്നം നേഹയ്ക്ക് കരുത്തേകുകയാണ് ചെയ്തത്.
അങ്ങനെ ചിത്രം പൂർത്തിയാക്കിയശേഷം ഭർത്താവ് ഫിനു ഷാനിനൊപ്പം ദുബായിലെത്തി. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന് ഇതുവരെ സമ്മാനിക്കാനായിട്ടില്ല. അതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് നേഹയും ഫിനുവുമിപ്പോൾ ഉള്ളത്.
‘‘ഞങ്ങൾക്ക്, യുഎഇയിൽ, ‘അസാധ്യം’ എന്നൊരു വാക്ക് ഇല്ല; അത് നമ്മുടെ നിഘണ്ടുവിൽ പോലും നിലനിൽക്കുന്നില്ല. വെല്ലുവിളികളെയും പുരോഗതിയെയും ഭയപ്പെടുന്ന മടിയന്മാരും ദുർബലരുമാണ് അത്തരം വാക്ക് ഉപയോഗിക്കുന്നത്.’’– എന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ഈ വാക്കുകൾ ജീവിതത്തിലുടെനീളം നേഹയ്ക്ക് പ്രചോദനമേകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണാനും ചിത്രം കൈമാറാനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുകയാണ് ഇവർ.
https://www.facebook.com/Malayalivartha