സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച മലയാളിയായ അഞ്ജന്‍ സച്ചിനെയും അദ്ഭുതപ്പെടുത്തി

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്നലെ സച്ചിന്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തിയ മലയാളിയായ അഞ്ജനെ ഒപ്പമിരുത്തിയെടുത്ത സെല്‍ഫി ആയിരുന്നു അത്.
ഫുട്‌ബോള്‍ കളി ടെലിവിഷനില്‍ മാത്രം കണ്ടിട്ടുള്ള അഞ്ജന്‍ ഇന്നലെ പിതാവ് സതീഷ് കുമാറിനൊപ്പമാണു കളി കാണാനെത്തിയത്.
ഗാലറിയില്‍ ഇരുന്ന ഇവരെ കലക്ടര്‍ എം.ജി. രാജമാണിക്യം വിഐപി ഗാലറിയിലേക്കു കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷത്തെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഒപ്പിട്ട ടീ ഷര്‍ട്ടണിഞ്ഞ്, കയ്യില്‍ സച്ചിനും താരങ്ങളുമുള്ള കാരിക്കേച്ചറുമായി എത്തിയ അഞ്ജനെ ക്രിക്കറ്റ് ഇതിഹാസത്തിനു പരിചയപ്പെടുത്തിയതു കലക്ടര്‍ തന്നെ. പത്തു മിനിറ്റുകൊണ്ടു സച്ചിന്റെ ചിത്രം അഞ്ജന്‍ വരച്ചു നല്‍കി.
1998-ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മല്‍സരത്തിനു കൊച്ചിയിലെത്തിയപ്പോള്‍ സച്ചിനെ സന്ദര്‍ശിച്ച ആദര്‍ശ് സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളില്‍ അഞ്ജനുമുണ്ടായിരുന്നു. അന്ന് എടുത്ത ചിത്രം അഞ്ജന്റെ പിതാവ് കാട്ടിയപ്പോള്‍ തനിക്ക് ആ ചിത്രം അയച്ചു തരണം എന്നായി സച്ചിന്‍.
രാത്രിയില്‍ സച്ചിന്റെ മാനേജറുടെ ഫോണ്‍വിളി, ഫോട്ടോ നല്‍കാന്‍ ആവശ്യപ്പെട്ട്. പിന്നീടാണ്, ഈ ചിത്രവും സെല്‍ഫിയും സച്ചിന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ചു വരയുടെ ലോകത്തു തിളങ്ങുന്ന അഞ്ജന്റെ മികവിനുള്ള ആദരം.
ചെറുപ്പത്തിലേ പിടികൂടിയ സെറിബ്രല്‍ പാള്‍സി രോഗം അഞ്ജന്റെ കാഴ്ചയും കേള്‍വിയും സംസാരശേഷിയുമെല്ലാം കവര്‍ന്നെടുത്തിരുന്നു. ഏറെനാളത്തെ വിദഗ്ധ ചികിത്സയും ആത്മവിശ്വാസവും കൂടിച്ചേര്‍ന്നപ്പോള്‍ കാഴ്ചയും ഒരു പരിധിവരെ കേള്‍വിയും വീണ്ടുകിട്ടി.
ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ്, കാരിക്കേച്ചറിസ്റ്റ് തുടങ്ങിയ നിലകളില്‍ തിളങ്ങുന്ന അഞ്ജന്‍ ഇന്ന് ആദര്‍ശ് സ്‌കൂളില്‍ ചിത്രകലാ അധ്യാപകനാണ്. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര കീര്‍ത്തിനഗര്‍ അഞ്ജനം വീട്ടില്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരായ സതീഷ് കുമാറിന്റെയും ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫിസറായ ലതിക സതീഷിന്റെയും മകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























