യുവാവ് പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവം... നരഹത്യ കുറ്റമടക്കം നാലു വകുപ്പുകള്‍ കൂടിചേര്‍ത്തു

പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് നാലു വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഐ.പി.സി 304 (മനപ്പൂര്‍വമല്ലാത്ത നരഹത്യ), 323 (കൈകൊണ്ട് അടിച്ച് പരിക്കേല്‍പിക്കല്‍), 325 (മാരകായുധംകൊണ്ട് പരിക്കേല്‍പിക്കല്‍), 341 (തടഞ്ഞുവെക്കല്‍) എന്നീ വകുപ്പുകളാണ് കൂട്ടിച്ചേര്‍ത്തത്.
സംഭവത്തില്‍ എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുണ്‍, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ്, വയര്‍ലെസ് സംവിധാനം കൈകാര്യം ചെയ്തിരുന്ന സി.പി.ഒ പ്രജീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
10 വര്‍ഷം മുതല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്നതാണ് ഇത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ നേരത്തെ ഐ.പി.സി 174 പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റാണ് കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവന്‍ മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ടി. സജീവന്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്. ഇതുസംബന്ധിച്ച് ആര്‍.ഡി.ഒക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് അഞ്ചു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആര്‍.ഡി.ഒ സി. ബിജു പറഞ്ഞു. അതേസമയം സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മജിസ്‌ട്രേറ്റിനെ നേരിട്ട് അറിയിക്കണമെന്ന് കേസിന്റെ എന്‍ക്വയറി ഓഫിസറായ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha






















