വീണാ ജോർജിന്റെ തിരുവല്ല മിന്നൽ പരിശോധന: മന്ത്രി സ്ഥലംമാറ്റിയത് മുൻപേ മാറിയ ഡോക്ടറെ!

ഡോക്ടറെ സ്ഥലം മാറ്റിയ വിഷയവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് പുറത്ത്. മന്ത്രിയുടെ മിന്നൽ പരിശോധനയെ തുടർന്നു ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ട ഡോക്ടറെയെന്നാണ് പുറത്ത് വരുന്ന വിവരം.
കഴിഞ്ഞ ദിവസം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധന. തുടർന്ന് ആശുപത്രി നടത്തിപ്പിൽ അപാകത ആരോപിച്ചാണു സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
അതേസമയം കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ മെഡിക്കൽ ഓഫിസർമാരുടെ ജനറൽ ട്രാൻസ്ഫർ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിരുന്നതയാണ് വിവരം. മാത്രമല്ല ചെങ്ങന്നൂർ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റം. ഇതേതുടർന്ന് ഇയാൾക്ക് പകരം വർക്കലയിൽ നിന്നു ഡോ. ബിജു നെൽസനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്.
എന്നാൽ അദ്ദേഹം ചുമതലയേൽക്കുന്നതു വരെ താൽക്കാലികമായി അജയമോഹൻ തിരുവല്ലയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം മിന്നൽ പരിശോധനയ്ക്കുശേഷം, ഡോ. ബിജു നെൽസനെ അടിയന്തരമായി തിരുവല്ലയിലേക്കു നിയമിക്കുന്നതായും ഡോ. അജയമോഹനെ ചെങ്ങന്നൂരിലേക്കു സ്ഥലംമാറ്റുന്നതായും മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























