പരാതി പറയാനെത്തി, പിന്നീട് പൊലീസ് സ്റ്റേഷനിൽ വെച്ച് തർക്കിച്ചു; 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ് പരാതിക്കാരൻ; ഒടുവിൽ സംഭവിച്ചത്

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തി 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പരാതിക്കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ പരാതി പറയാനെത്തി തർക്കത്തിനിടെ 500 രൂപയുടെ 3 നോട്ടുകൾ കീറീയെറിഞ്ഞ സംഭവത്തിൽ പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) ആണ് അറസ്റ്റിലായത്.
അതേസമയം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിനു മുന്നിൽ 500 രൂപയുടെ 3 നോട്ടുകൾ കീറീയെറിഞ്ഞ പ്രകാശിനെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് (പിഡിപിപി ആക്ട് 3 (2)(ഇ)), ഐപിസി 489 വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. ഒപ്പം തന്നെ ഇന്ത്യൻ കറൻസി കീറി നശിപ്പിച്ചെന്നും അതുവഴി പൊതുഖജനാവിന് 1500 രൂപയുടെ മൂല്യനഷ്ടം വരുത്തിയെന്നുമാണ് എഫ്ഐആർ. സംഭവത്തെ തുടർന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ പ്രകാശും സുഹൃത്തായ ശരത് കുമാറും ചേർന്ന് സമീപകാലത്ത് ഒരു വാഹനം വാങ്ങിയിരുന്നു. തുടർന്ന് ശരത് കുമാറും സഹായിയും ചേർന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കടത്തിക്കൊണ്ടുപോയി. ഇതേതുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് പരാതിയായി പൊലീസ് സ്റ്റേഷനിലെത്തിയത്.
എന്നാൽ പ്രശ്നം സംസാരിച്ചു തീർക്കുന്നതിനിടെ വാഹനത്തിനുള്ളിലെ ടൂൾസ് കാണാതായെന്നു പ്രകാശ് പറയുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ വീണ്ടും ഇത് പൊലീസ് സ്റ്റേഷനിൽ പ്രകാശും ശരത് കുമാറും തമ്മിൽ തർക്കത്തിനിടയാക്കി. ഇതേത്തുടർന്നു പ്രകോപിതനായ പ്രകാശ് പോക്കറ്റിൽനിന്നു മൂന്ന് 500 രൂപ നോട്ടുകൾ എടുത്തു കീറി ശരത്കുമാറിനു നേർക്ക് എറിയുകയായിരുന്നു. ഇതോടെയാണ് പ്രകാശിനെ അറസ്റ്റ് ചെയ്യ്തത്.
https://www.facebook.com/Malayalivartha






















