ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്. കെ നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാള്‍ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മാരിയപ്പന്‍ കുറ്റക്കാരനെന്ന് കോടതി... പ്രതിയെ റിമാന്റ് ചെയ്തു, വിധി പ്രസ്താവം ആഗസ്റ്റ് 25 ന്

ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്. കെ നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാള്‍ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മാരിയപ്പന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി റിമാന്റ് ചെയ്തത്.
വിധി പ്രസ്താവം വിചാരണക്കോടതി ജഡ്ജി കെ.വിഷ്ണു ആഗസ്റ്റ് 25 ന് പ്രഖ്യാപിക്കും. അന്യസംസ്ഥാനക്കാരനായ പ്രതി ശിക്ഷ ഭയന്ന് ഒളിവില്‍ പോകുമെന്ന സാധ്യത വിലയിരുത്തി പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കോടതി കസ്റ്റോഡിയല്‍ വിചാരണ ചെയ്യുകയായിരുന്നു. സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മാരിയപ്പന്‍ (45) കന്നിയമ്മയെ വെട്ടിക്കൊന്നുവെന്നാണ് കേസ്.
കൃത്യത്തിന് തൊട്ടുമുമ്പ് ദമ്പതികള്‍ ഒരുമിച്ച് ഒന്നാം നിലയിലേക്ക് കയറിപ്പോകുന്നതായും മാരിയപ്പന്‍ മാത്രം തിര്യെപ്പോകുന്നത് കണ്ടതായുമുള്ള കെട്ടിട ഉടമ , ഭാര്യ എന്നിവരുടെ മൊഴികള്‍ , മരിയപ്പന്‍ - കന്നിയമ്മാള്‍ ദമ്പതികളുടെ മക്കളുടെ മൊഴികള്‍ , ഫോറന്‍സിക് , കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി തെളിവുകള്‍ , മറ്റു സാഹചര്യത്തെളിവുകള്‍ എന്നിവ കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2018 സെപ്റ്റംബര്‍ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. കൃത്യ ദിവസം കന്നിയമ്മയും മാരിയപ്പനും തിരുവനന്തപുരം നഗരത്തിലെ തിയേറ്ററില്‍ സിനിമ കണ്ടതിനുശേഷം രാത്രി 9.45 മണിയോടുകൂടി ശ്രീ വരാഹത്തെ വാടക വീട്ടിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ വച്ച് പരിചയക്കാരെ കണ്ടു ചിരിച്ചതില്‍വെച്ച് വീട്ടില്‍ വച്ച് പരസ്പരം സംസാരവും വാക്കു തര്‍ക്കവുമായി.
തുടര്‍ന്ന് കന്നിഅമ്മയെ കഴുത്തില്‍ ബലം പ്രയോഗിച്ചു പിടിച്ച് കിടപ്പുമുറിയില്‍ കൊണ്ടുവന്ന് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടു പിച്ചാത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യസമയം നഗരത്തില്‍ കനത്ത മഴ പെയ്തതിനാല്‍ പരിസരവാസികള്‍ ശബ്ദം കേട്ടിരുന്നില്ല.
കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രിതന്നെ മാരിയപ്പന്‍ തിരുനെല്‍വേലിയിലേക്ക് കടന്നുകളഞ്ഞു. നഗരത്തില്‍ പിസ്സ വിതരണക്കാരനായ മകന്‍ മണികണ്ഠന്‍ ജോലികഴിഞ്ഞ് രാത്രി 11.30 ന് എത്തിയപ്പോഴാണ് കന്നിയമ്മ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഫോര്‍ട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൃത്യത്തിന്റെ മൂന്നാം നാള്‍ തിരുനെല്‍വേലിയില്‍ നിന്നും ഫോര്‍ട്ട് പോലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























