കോൺസുൽ ജനറൽ ക്ലിഫ് ഹൗസിൽ ഇറങ്ങി കയറിയതെന്തിന്? പിണറായിയുടെ പ്രോട്ടോക്കോൾ ലംഘനം അന്വേഷിക്കാൻ വിദേശകാര്യ മന്ത്രാലയം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ചത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ്

വിദേശ രാജ്യത്തിൻ്റെ പ്രതിനിധിയുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിക്കും. യുഎഇ കോണ്‍സുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പരിശോധന തുടങ്ങുന്നത്. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ രേഖാമൂലം അറിയിച്ചു.
2016 മുതൽ 2020 വരെയുള്ള കാലയളവിൽ യുഎഇ കോൺസുൽ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്ന് നിയമസഭയില്‍ അദ്ദേഹം രേഖാമൂലം വിശദീകരിച്ചു. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി ഡോ. രാജ്‍കുമാർ രജ്ഞൻ സിൻഹ് ലോക‍്‍സഭയിൽ രേഖാമൂലം നൽകിയ മറുപടി. വിദേശ രാജ്യത്തെ പ്രതിനിധികളുമായി സംസ്ഥാനം നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്രമന്ത്രി കഴിഞ്ഞ മാസം 29ന് ലോക‍്‍സഭയെ അറിയിച്ചത്.
എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേരളം അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം ലോക‍്‍സഭയെ അറിയിച്ചു.
ക്ലിഫ് ഹൗസ് ചർച്ച ഔദ്യോഗികമെന്ന് പറയുമ്പോഴും എത്ര തവണ കൂടിക്കാഴ്ച നടത്തി, ഏതൊക്കെ വിഷയങ്ങൾ ചർച്ച ചെയ്തു, എന്തൊക്കെ തീരുമാനങ്ങൾ എടുത്തു തുടങ്ങിയ നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. വിവരങ്ങൾ അതേപടി നൽകേണ്ടതില്ലെന്ന ധാരണയുടെ പുറത്താണ് പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി മറച്ചു വച്ചത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. മുഖ്യമന്ത്രിയും കുടുംബവുമായി താൻ പലതവണ ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളും പുറത്തുവന്നു.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്. എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.
2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു.
ഷാർജ ഭരണാധികാരി എത്തുമ്പോൾ വേണ്ട നടപടികളും ആശയവിനിമയവും മുഖ്യമന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസിൽ താൻ എത്തിയിരുന്നുവെന്നും സ്വപ്ന അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും അതിന് അവസരം ഒരുക്കികൊടുത്തുവെന്നും അവർ പറയുന്നു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ നളിനി നെറ്റോ, എം.ശിവശങ്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.
കോൺസുൽ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകൾ പോയിരുന്നത്. കോൺസുൽ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറിച്ചിട്ടുണ്ട്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പമുള്ള ഈ ചെമ്പ് ഫോയിൽഡ് പേപ്പറിൽ അടച്ചുകെട്ടിയതിനാൽ കൊണ്ടുപോകുന്നവർക്കും ഇതിൽ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേർ ചേർന്നാണ് ചെമ്പ് പിടിച്ചത്.
ക്ലിയറൻസുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കർ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോൺസുർ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.
സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലാണ്.
സ്വപനയുടെ പ്രസ്താവന സത്യമാണെന്നാണ് മുഖ്യമന്ത്രിയുടെ സമ്മതത്തിലൂടെ മനസിലാക്കാൻ കഴിയുന്നത്. മറ്റൊരു രാജ്യത്തിൻ്റെ പ്രതിനിധി ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദർശകനായിരുന്നു എന്നു പറയുമ്പോൾ അതുണ്ടാക്കുന്ന രാഷ്ട്രീയ കോലാഹലങ്ങൾ വിവരണാതീതാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പ്രവണത കണ്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അന്യരാജ്യത്തിൻെറ പ്രതിനിധിയെ ഉപയോഗിച്ച് സംസ്ഥാന മുഖ്യ മന്ത്രി നേട്ടങ്ങൾ കൊയ്യുന്നതും അപൂർവങ്ങളിൽ അപൂർവം തന്നെയാണ്.
ഇത്തരത്തിൽ സംഭവിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. അതിലൊന്ന് അജ്ഞതയാണ് .എന്നാൽ ഒരു സംസ്ഥാന മുഖ്യമന്ത്രി ഇത്രത്തോളം അജ്ഞനായിരിക്കുമോ എന്നോർത്ത് അത്ഭുതപെടുകയാണ് കേന്ദ്ര സർക്കാർ.മുഖ്യമന്ത്രി അജ്ഞനാണെങ്കിൽ തന്നെ സർക്കാരിൻ്റെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കേണ്ടതില്ലേ എന്നാണ് കേന്ദ്ര സർക്കാർ ചോദിക്കുന്നത്.
അക്കാലത്ത് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി പ്രവർത്തിച്ചിരുന്നത്.ഇക്കാലത്ത് സർക്കാർ പ്രോട്ടോക്കോളി നൊന്നും യാതൊരു പ്രാധാന്യവും മുഖ്യമന്ത്രിയുടെ ഓഫീസ് കൽപ്പിച്ചിരുന്നില്ല. ഇതെല്ലാമാണ് കേന്ദ്ര സർക്കാരിനെ
അലട്ടുന്ന ചോദ്യങ്ങൾ.
മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് മനസിലാക്കിയാൽ അദ്ദേഹത്തിൻ്റെ പദവിക്ക് തന്നെ ബുദ്ധിമുട്ടുണ്ടാകും. ഇതിൽ നിന്നും അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കിൽ കേന്ദ്ര സർക്കാർ തന്നെ വിചാരിക്കണം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിനെ സഹായിക്കുമെന്ന് കരുതാൻ വയ്യ. എന്നാൽ മുഖ്യമന്ത്രിയുടെ അജ്ഞത കാരണമാണ് ഇപ്രകാരം സംഭവിച്ചതെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രിയുടെ സഹപ്രവർത്തകരുടെ ശ്രമം. എന്നാൽ ഈ നീക്കം ശരിയല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങൾ പറയുന്നത്.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കസ്റ്റംസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനുള്ള അനുമതി കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയയ്ക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം കസ്റ്റംസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അറ്റാഷെക്ക് നോട്ടീസയച്ചത് മാത്രമാണ് അടുത്ത കാലത്ത് കേട്ട ഏക പുരോഗതി. അറ്റാഷെ പൊടിയും തട്ടി സ്ഥലം വിട്ടു കഴിഞ്ഞു. ഇനി അദ്ദേഹത്തെ പിടിക്കാൻ കഴിയില്ല. എം. ശിവശങ്കറിനെയും മറ്റും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൊണ്ടുപോയ കാഴ്ചകൾ മനസിൽ നിന്നും മായാത്തവർ ഇന്ന് അതൊക്കെ ഓർത്താൽ തല തല്ലി ചിരിക്കും.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ വരുമ്പോള്‍ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ. കോണ്‍സല്‍ ജനറലിന്‍റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ലത്രേ.
ആരാണ് ഈ വിമാനകമ്പനികൾ ? യു എ ഇ ആസ്ഥാനമായുള്ള കമ്പനികളാണ് ഇവ. അവർ ഇന്ത്യൻ കമ്പനികളല്ല. അതുകൊണ്ടുതന്നെ കസ്റ്റംസിന് വിദേശ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. അറ്റാഷെക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതു പോലെയായിരിക്കും വിമാനകമ്പനികൾക്കെതിരായ നടപടിയും.
ആറാംതവണ സ്വര്‍ണം കടത്തിയ സമയത്ത് വിദേശത്ത് കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാൽ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് വിമാനകമ്പനികള്‍ ഇത് തിരികെ നല്‍കുകയായിരുന്നു. ഇതിൽ അത്ഭുതമൊന്നുമില്ല.കാരണം കമ്പനികൾ നടത്തുന്നത് യു എ ഇ പൗരൻമാരാണ്. ഇന്ത്യയിലെ കസ്റ്റംസ് കേസെടുത്തെന്ന് കരുതി അവർക്ക് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.
ഇതെല്ലാം ചെയ്യുന്നത് കസ്റ്റംസ് നിഷ്കളങ്കരായതുകൊണ്ടാണെന്ന് ആരും കരുതരുത്. യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കേണ്ടി വരുമ്പോഴാണ് കുറ്റവാളികളെ വിദേശത്ത് കണ്ടെത്തുന്നത്. അറ്റാഷെയും കോൺസുൽ ജനറലിനെയും ഒരിക്കലും കേന്ദ്ര ത്തിന് പിടികൂടാൻ കഴിയില്ലെന്ന് പിണറായിക്കറിയാം. ഇതു തന്നെയാണ്.അദ്ദേഹത്തിൻ്റെ ധൈര്യം. അതേ സമയം മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനത്തെ അതീവ ഗൗരവമായെടുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
https://www.facebook.com/Malayalivartha
























