കാമുകനെന്ന് സംശയം; യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പാലക്കാട് പിരായിരി സ്വദേശിയാണ് മരിച്ച അജയ് കുമാര്‍.
പ്രതി സുരേഷ്, അജയ് കുമാറിനെ ആദ്യം ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി ഹോട്ടലിന്റെ മുന്‍വശത്തു കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് മര്‍ദ്ദനത്തില്‍ അജയ് കുമാര്‍ തളര്‍ന്നുവീഴുകയും, കുറച്ചുസമയം കഴിഞ്ഞ് അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ വീണ്ടും കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നാലെ സുരേഷ് എത്തി വീണ്ടും മര്‍ദിക്കുകയായിരുന്നു.
അതേസമയം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ് പാലക്കാട്ടു നിന്നെത്തി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. എന്നാൽ ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ സുരേഷും കൊച്ചിയില്‍ എത്തി.
എന്നാൽ യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. തുടർന്ന് രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിക്കുകയും, പിന്നാലെ ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിനെ ഹോട്ടല്‍ മുറിയില്‍നിന്ന് വിളിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചിരുന്നു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha























