എം.സി റോഡിൽ പള്ളം കരിമ്പിൻകാലായി വാഹനാപകടം! അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു;കാർ റോഡിൽ കറങ്ങിയ ശേഷം എതിർ ദിശയിൽ നിന്നും എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിന്റെ ടയറിൽ ഇടിച്ച് വട്ടം കറങ്ങി; കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് നിഗമനം; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്

കോട്ടയം എം.സി റോഡിൽ പള്ളം കരിമ്പിൻകാലായിൽ മൂന്നു കാറുകൾ കൂട്ടിയിടിയ്ക്കാൻ ഇടയാക്കിയത് ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്. അപകടത്തിൽ ഒരു സ്വകാര്യ ടൂറിസ്റ്റ് ബസും ഉൾപ്പെട്ടതായും കണ്ടെത്തി. കരിമ്പിൻകാലാ ഷാപ്പിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കോട്ടയം പള്ളം കരിമ്പിൻകാലാ ഫാമിലി റസ്റ്ററന്റിനു മുന്നിലെ റോഡിലാണ് ശനിയാഴ്ച വൈകിട്ട് 4.15 ഓടെ അപകടം ഉണ്ടായത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിലേയ്ക്കു തെന്നി മാറി, ആദ്യം മുന്നിൽ പോയ കാറിന്റെ പിന്നിൽ ഇടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ ഇടിച്ച കാർ റോഡിൽ കറങ്ങിയ ശേഷം എതിർ ദിശയിൽ നിന്നും എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിന്റെ ടയറിൽ ഇടിച്ച് വട്ടം കറങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അപകടത്തെ തുടർന്നു പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റിരിക്കുന്നത്.
കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിലുടെ അമിത വേഗത്തിൽ എത്തിയ കാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. ആദ്യം ഒരു കാറിൽ ഇടിച്ച കാർ നിയന്ത്രണം നഷ്ടമായി മുന്നിൽ നിന്നും എത്തിയ കാറിലേയ്ക്ക് ദിശ തെറ്റിച്ചെത്തി നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടു.
കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. അപകടം നടന്നത് കനത്ത മഴയ്ക്കു തൊട്ടു പിന്നാലെയായിരുന്നു. ആ സാഹചര്യത്തിൽ മഴയിൽ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പും, പൊലീസും നൽകുന്ന നിർദേശം.
https://www.facebook.com/Malayalivartha
























