പട്ടിയെ പിടിക്കാന്‍ ആളെ വേണം; ശമ്പളം 17,000 രൂപ

തെരുവുപട്ടികളെ വന്ധ്യംകരിക്കുന്ന പദ്ധതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുനരാരംഭിക്കുന്നു. പട്ടികളില്‍ കാനൈന്‍ ഡിസ്റ്റംബര്‍ എന്ന രോഗം പടര്‍ന്നുപിടിച്ചപ്പോഴാണ് വന്ധ്യംകരണം നിര്‍ത്തിവെച്ചത്. പടിയൂരില്‍ ഓപ്പറേഷന്‍ തിയേറ്ററും നൂറ് പട്ടികളെ പാര്‍പ്പിക്കാനുള്ള കൂടുകളും തയ്യാറായിവരുന്നു. പാപ്പിനിശ്ശേരി മൃഗാസ്പത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന ഓപ്പറേഷന്‍ തിയേറ്ററാണ് പടിയൂരിലേക്ക് മാറ്റുന്നത്.
പട്ടിപിടിത്തക്കാരെ കിട്ടാത്തതാണ് നിലവിലുള്ള പ്രശ്‌നം. നേരത്തെ നേപ്പാളില്‍നിന്നായിരുന്നു പട്ടിപിടിത്തക്കാരെ കൊണ്ടുവന്നിരുന്നത്. ഇതിന് സന്നദ്ധരായി മുന്നോട്ടുവരുന്നവര്‍ക്ക് പരിശീലനം നല്‍കുമെന്നും 17,000 രൂപ ശമ്പളം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. താമസസൗകര്യവും നല്‍കും.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വന്ധ്യംകരിച്ചത് 1703 പട്ടികളെ. ഇതുവരെയായി 4203 എണ്ണത്തെ. വന്ധ്യംകരിച്ച പട്ടികളെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുവിടണം. ഇത് മനസ്സിലാക്കാന്‍ ജി.പി.എസ്. ഘടിപ്പിച്ച വാഹനത്തിലാണ് പട്ടികളെ കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടുവിടുന്നതും. വന്ധ്യംകരിച്ച പട്ടികള്‍ക്ക് ശൗര്യം കുറയും.
വന്ധ്യംകരണത്തിനായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഒരു പട്ടിയെ വന്ധ്യംകരിക്കാന്‍ 2000 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha
























