ലാവ്ലിൻ കേസിൽ കേന്ദ്രം ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങളിൽ പൊലീസ് നോക്കുക്കുത്തിയായി നിലകൊള്ളുന്നു; അക്രമമുണ്ടായലുടൻ പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നതാണ് രീതി; നേതാക്കൾ പറയുന്നത് പോലെ പ്രവർത്തിക്കുകയാണ് പോലീസ്; വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങളിൽ പൊലീസ് നോക്കുക്കുത്തിയായി നിലകൊള്ളുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു. അക്രമമുണ്ടായലുടൻ പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നതാണ് രീതി. നേതാക്കൾ പറയുന്നത് പോലെ പ്രവർത്തിക്കുകയാണ് പോലീസ്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ല. ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് അക്രമങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്. പൊലീസിന്‍റെ പണി ഇ.പി.ജയരാജൻ ചെയ്യേണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് പൊലീസിന് സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഏ കെ ജി സെന്റർ ആക്രമണം നടത്തിയവർ ആവിയായി പോയോ എന്നും വി. മുരളീധരൻ ചോദിച്ചു. വഞ്ചിയൂർ എബിവിപി കാര്യാലയം ആക്രമിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്നും മന്ത്രി ചോദിച്ചു. സ്വന്തം പാർട്ടിയുടെ ഓഫീസിനുപോലും സുരക്ഷ ഉറപ്പ് വരുത്താൻ കഴിയാത്തവർ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നും ആഭ്യന്തരവകുപ്പ് സ്വന്തം വീഴ്ചകൾ ആദ്യം പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിൽ വിവാദത്തിന് പ്രസക്തിയില്ല. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മന്ത്രിക്ക് എവിടേയും ഏത് ചടങ്ങിനുമെത്താമെന്നും വി.മുരളീധരൻ പറഞ്ഞു. ലാവ്ലിൻ കേസിൽ കേന്ദ്രം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























