തൊടുപുഴയിൽ ഉരുൾ പൊട്ടലിൽ മരണം മൂന്നായി, മണ്ണിനടയിൽ ഇനിയും രണ്ടുപേർ, കനത്ത മലവെള്ള പാച്ചിലിൽ വീട് പൂർണമായും തകർന്നു, സ്ഥലത്ത് അവശേഷിക്കുന്നത് വീടിന്റെ അടിത്തറ മാത്രം, മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മരണം മൂന്നായി. ചിറ്റടിച്ചാലിൽ വീട് തകർന്നത് തങ്കമ്മ, നിമ ,നിമയുടെ നാല് വയസുള്ള മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽ ഇപ്പോൾ രണ്ട് പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപം ആണ് സംഭവം.
പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മലവെള്ള പാച്ചിലിൽ പൂർണമായും തകർന്നു. വീടിന്‍റെ അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു.ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എത്തിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.
രാത്രി കനത്ത മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് സഹായകരമായി. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം സ്ഥലത്ത് തുടരുകയാണ്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വടക്കന്‍ ജില്ലകളിലും കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്.ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിന് സമീപവും തെക്കന്‍ ബംഗാള്‍ ഉള്‍കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികളും ബംഗാള്‍ ഉള്‍കടല്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം.
ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമാകും.നാളെയും മറ്റന്നാളും കേരളത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് മസ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha
























