“ആസാദ് കശ്മീർ” പരാമർശത്തിൽ ജലീൽ വീണ്ടും മുൾമുനയിൽ...! ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും, കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും കേസ് എടുക്കണമെന്നും ഹർജിയിലെ ആവശ്യം

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിന് ഇന്ന് നിർണായക ദിനമാണ്. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജി.എസ് മണി സമർപ്പിച്ച ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും കേസ് എടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ജി.എസ് മണി നൽകിയ പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്കാണ് ഡൽഹി പൊലീസ് കൈമാറിയത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.തീവ്ര നിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നുമാണ് ജലീലിന്റെ കുറിപ്പിൽ ഉണ്ടായിരുന്നത്.ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജലീൽ തടിതപ്പുകയാണ് ചെയ്തത്. തന്റെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പെട്ടു. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായാണ് പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തത്. നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പ്രസ്തുത കുറിപ്പിലെ വരികള്‍ പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നും പിന്നീട് കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ ക്രിസ്തീയ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ)യും പരാതി നൽകിയിരുന്നു. സംഘടനാ അദ്ധ്യക്ഷൻ കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ജലീലിന്റെ പരാമർശം ഭരണഘടനയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കാസ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.ജലീൽ നടത്തിയ പരാമർശം രാജ്യദ്രോഹമാണ്. ഭരണഘടനയെ ജലീൽ അവഹേളിച്ചു. അതിനാൽ നിയമപ്രകാരം ജലീലിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെവിൻ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























