കേരളത്തിൽ ആഞ്ഞടിച്ച് അതിതീവ്ര മഴ... ഇടമലയാർ തുറന്നു!

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുകയാണ്. 13 ജില്ലകളിൽ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്.
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂർ കോഴഞ്ചേരി പ്രദേശങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ പലയിടത്തും വെള്ളം കയറി. കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. നേരിയ തോതിൽ മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.
ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്ന് വൈകിട്ട് നാലോടെ തുറന്നു. 50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്.
വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിച്ചത്. ഓറഞ്ച് അലർട്ടിന് സമാനമായ മഴ പെയ്ത പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പോലുമുണ്ടായിരുന്നില്ല. തൽസ്ഥിതി മുന്നറിയിപ്പിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു പ്രവചിച്ചത്. പത്തനംതിട്ടയിലെ വാഴക്കുന്നത് പുലർച്ചെ ലഭിച്ചത് 139 മി.മീ മഴയും കുന്നന്തനാത്ത് 124 മി.മീ മഴയും റാന്നിയിൽ 104 മി.മീ മഴയും ലഭിച്ചു. പെരുമഴ പെയ്ത പത്തനംതിട്ടയിൽ പക്ഷെ യെല്ലോ അലർട്ട് പോലും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha
























