അമേരിക്കയ്ക്ക് ശേഷം ഇപ്പോൾ ചെന്നൈയിൽ! അർബുദം പിടിമുറുക്കി... ഇനി രണ്ടാഴ്ച ചികിത്സ... യാത്ര അയക്കാൻ പ്രിയ സഖാക്കളെത്തി

മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറുമാണ് ഒപ്പമുള്ളത്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസ സ്ഥലത്തു നിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടർന്ന് പ്രത്യേക എയർ ആംബുലൻസ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടു പോയത്.
അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്.
കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ, എം. എ. ബേബി, എ. കെ. ബാലൻ, എം. വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ. എൻ. ബാലഗോപാലും കോടിയേരിയെ കാണാനെത്തിയിരുന്നു. അപ്പോളോയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇന്നലെ അദ്ദേഹത്തെ പരിചരിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും വളരെ വേഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്. അതിവേഗമായിരുന്നു പകരക്കാരനെ നിശ്ചയിച്ചതും. സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. തുടര്‍ന്ന് അടിയന്തിരമായി സി.പി.എം നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു.
കോടിയേരിക്ക് പകരം ക്രമീകരണം എന്ന ലക്ഷ്യമായിരുന്നു യോഗം വിളിച്ചപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവധിയല്ല, സ്ഥാനം ഒഴിയുന്നുവെന്ന നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണു പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അനാരോഗ്യം മൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എം.വി.ഗോവിന്ദൻ മാസ്റ്ററെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യർഥന.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.
നേരത്തേ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പും ചികിത്സാര്‍ത്ഥം കോടിയേരി അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ. വിജയരാഘവനു കൈമാറിയിരുന്നു. ഇക്കുറി ചികിത്സ നീണ്ടുപോയേക്കുമെന്നുള്ളതുകൊണ്ട് പൂര്‍ണസമയ സെക്രട്ടറിയുണ്ടാകുന്നതാണു നല്ലതെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കോടിയേരി പങ്കെടുത്തിരുന്നു. അതിനുശേഷം പത്രസമ്മേളനവും നടത്തി.
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ, നിരവധി സമരപോരാട്ടങ്ങളുടെ കുന്തമുനയായി നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് എത്തിയ പോരാളി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വരെയായ കറകളഞ്ഞ പാർട്ടിക്കാരൻ. നിയമസഭാ സാമാജികനായും മന്ത്രിയായും തിളക്കമാർന്ന പ്രകടനം. പരീക്ഷണഘട്ടങ്ങളിൽ പാർട്ടിയുടെ അമരക്കാരനായി നിന്ന് പ്രതിസന്ധികളുടെ ഓളപ്പെരുക്കത്തിൽ ദിശതെറ്റാതെ മുന്നോട്ടു നയിച്ചിരുന്നു.
2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി വിജയന്‍ ഒഴിഞ്ഞ സ്ഥാനത്താണ് കോടിയേരി വന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഏറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം മൂന്നാമത്തെ തവണയും കോടിയേരിയെ തെരഞ്ഞെടുത്തിരുന്നു. ഒരു പൂര്‍ണ കാലാവധി മുന്നിലുള്ളപ്പോഴാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്.
https://www.facebook.com/Malayalivartha
























