പാലായെ വിറപ്പിച്ച് കനത്ത മഴ: ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്- നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

കോട്ടയം തീക്കോയിൽ പെയ്ത കനത്തമഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടികൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറയിലായിരുന്നു അപകടം. പനച്ചിപ്പാറ എസ്.എം.വി സ്‌കൂളിന് മുന്നിലായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ടത്. പൂഞ്ഞാർ എസ്.എം.വി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി തണ്ണീർപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോളാണ് അപകടത്തിൽപ്പെട്ടത്.
തീക്കോയ് സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പേരും റോഡിലൂടെ നടന്നു വരികയായിരുന്നു. കനത്ത മഴയിൽ കുട ചൂടിയാണ് കുട്ടികൾ നടന്ന് വന്നത്. ഈ സമയത്ത് സ്‌കൂളിനു മുന്നിലൂടെയുള്ള വഴിയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഈ വെള്ളക്കെട്ടിലൂടെ നടന്ന് വരുന്നതിനിടെയാണ് റോഡിലൂടെ ഒരു വാഹനം എത്തിയത്. ഈ വാഹനം കടന്നു പോകുന്നതിനായി കുട്ടികൾ റോഡരികിലേയ്ക്കു മാറിയ ഉടൻ, ഇവിടുത്തെ ഓടയിലേയ്ക്ക് പതിക്കുകയായിരുന്നു.
ഇതോടെ ഈ ഓടയിലെ ഒഴുക്കിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ടു. മീനച്ചിലാറ്റിലേക്ക് സ്ഥലത്ത് നിന്ന് കേവലം 25-മീറ്റർ മാത്രമാണ് ദൂരമുണ്ടായിരുന്നത്. വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി നടന്നെത്തിയവരും ചേർന്നാണ് കുട്ടിയെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിച്ച് പുറത്തെത്തിച്ചത്. തീക്കോയി പള്ളിവാതിൽ പുതനപ്ര ജോൺസണിന്റെ വീടിനു മുന്നിലെ റോഡിലൂടെ വരുന്ന മഴവെള്ളപ്പാച്ചിലിലാണ് വിദ്യാർത്ഥികൾ പെട്ടത്. ആശുപത്രിയിൽ എത്തിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ വിട്ടയച്ചു.
അതേ സമയം, ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴയിൽ കോട്ടയത്ത് മിന്നൽ പ്രളയം രൂപപ്പെട്ടു. അതിശക്തമായ മഴയിൽ പാമ്പാടി, കറുകച്ചാൽ, തോട്ടയ്ക്കാട്, നെടുംകുന്നം തുടങ്ങിയ മേഖലകളിലാണ് പ്രളയം. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി.
2018ലെ മഹാപ്രളയത്തിൽപോലും വെള്ളം കയറാത്ത പ്രദേശങ്ങൾ പലതും പെരുവെള്ളപ്പാച്ചിലിൽ മുങ്ങിയതു കണ്ടു നാട് അമ്പരന്നു. രാത്രി ചെറിയ മഴ കണ്ടു കിടന്നവർ നേരം വെളുത്തപ്പോഴേക്കും വെള്ളപ്പാച്ചിലിൽ നടുങ്ങി. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട് . കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലും ക്യാംപുകളാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്. ചമ്പക്കര ഗവ. എൽപിഎസ്, നെടുമണ്ണി പള്ളി പാരിഷ് ഹാൾ, വാകത്താനം തൃക്കോത്ത് ഗവ. എൽപിഎസ്, എറികാട് എസ്എൻഡിപി ഹാൾ, പുതുപ്പള്ളി അങ്ങാടി എംഡി എൽപി സ്കൂൾ, ഇരവിനെല്ലൂർ ഗവ. എൽപിഎസ് എന്നിവിടങ്ങളിലായാണ് ക്യാംപുകൾ.
https://www.facebook.com/Malayalivartha
























