തലസ്ഥാനത്തെ കറക്കി 'ബില്ലാ ബോയ്സ്'; മയക്കുമരുന്നുകള്‍ പിടികൂടാന്‍ പോലീസ് നടത്തിയ റെയ്ഡില്‍ എം.ഡി.എം.എ.യുമായി പിടിയിലായത് എട്ടുപേര്‍, പിടിയിലായത് വലിയതുറയുള്ള വീട്ടിൽ ഓതിചേർന്നപ്പോൾ....

മയക്കുമരുന്നുകള്‍ പിടികൂടാന്‍ പോലീസ് നടത്തിയ റെയ്ഡില്‍ എം.ഡി.എം.എ.യുമായി എട്ടുപേര്‍ പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മയക്കുമരുന്നു കച്ചവടസംഘമായ ബില്ലാ ബോയ്സ് എന്ന സംഘത്തിലെ ആറുപേരെ വലിയതുറ പോലീസും രണ്ടുപേരെ വഞ്ചിയൂര്‍ പോലീസുമാണ് പിടികൂടിയത്.
വലിയതുറ സ്വദേശി ഷാനു(24), സുലൈമാന്‍ സ്ട്രീറ്റില്‍ ഷിഹാസ്(21), പുതുവല്‍ പുത്തന്‍വീട്ടില്‍ അച്ചു(23), എയര്‍പോര്‍ട്ട് റോഡിന് സമീപം ഷമി മന്‍സിലില്‍ സെയ്ദലി(20), സുലൈമാന്‍ സ്ട്രീറ്റില്‍ അല്‍ അമീന്‍(22), വലിയതുറ സ്വദേശി അന്‍സല്‍ റഹ്‌മാന്‍(21) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ എം.ഡി.എം.എ.യുമായി വരികയായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ബെന്‍സണ്‍ ബെന്നി, ടിനോ പെരേരേ എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പരിശോധനയ്ക്കിടെ പിടികൂടിയത്.
തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിതരണം ചെയ്യുന്ന സംഘമാണ് ബില്ലാ ബോയ്സ്. ഇവര്‍ വലിയതുറയിലുള്ള ഒരു വീട്ടില്‍ ഒത്തുചേര്‍ന്നപ്പോഴാണ് പോലീസ് പിടിയിലായത് എന്നാണ് റിപ്പോർട്ട്. ഇവരില്‍നിന്ന് 3.76 ഗ്രാം എം.ഡി.എം.എ.യും വിതരണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും കണ്ടെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴിയാണ് ഇവര്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത്. ഷിനു, അല്‍അമീന്‍ എന്നിവര്‍ മറ്റു നിരവധി കേസുകളിലെ പ്രതികളാണ്. വഞ്ചിയൂരില്‍നിന്നു പിടിയിലായവരില്‍ നിന്നും 84 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തിരുന്നത്.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ വലിയതുറ എസ്.എച്ച്.ഒ. ടി.സതികുമാര്‍, എസ്.ഐ.മാരായ അഭിലാഷ് മോഹന്‍, സാബു, ഉമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























