വിവാദമല്ല അറിയിപ്പാണേ... സെപ്റ്റംബര്‍ നാലിന് കല്യാണം നടക്കുന്ന എകെജി ഹാള്‍ റെഡി; മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും കല്യാണ തിരക്കില്‍; ഉപഹാരങ്ങള്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്കായി ആര്യാ രാജേന്ദ്രന്റെ കുറിപ്പ് വൈറലാകുന്നു

എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങളില്ല. സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരിക്കും വിവാഹം.
പരമാവധി ആളുകളെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ മേയര്‍ അഭ്യര്‍ഥിച്ചു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.
അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ ആര്യാ രാജേന്ദ്ര കുറിച്ചു.
മേയര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയരെ,
2022 സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. പരമാവധിപ്പേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ചു വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യര്‍ഥനയായി കാണണം. അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ, സച്ചിന്‍
അതേസമയം ഈ വിവാഹം നടത്തുന്നത് പാര്‍ട്ടി വിവാഹങ്ങളുടെ പാരമ്പര്യം പിന്തുടര്‍ന്നാണ്. എകെജി ഹാളില്‍ നടക്കുന്ന വിവാഹച്ചടങ്ങിനും കോഴിക്കോട് ടഗോര്‍ സെന്റിനറി ഹാളിലെ വിരുന്ന് സല്‍ക്കാരത്തിനും സ്‌നേഹപൂര്‍വം ക്ഷണിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരാണ്. വധൂവരന്മാരെ പരിചയപ്പെടുത്തുന്നത് പാര്‍ട്ടിയിലെ ഭാരവാഹിത്വത്തിലൂടെയും പദവികളിലൂടെയുമായിരുന്നു.
ഈ മാസം 4 ന് രാവിലെ 11 ന് എകെജി ഹാളിലാണ് വിവാഹം. 6 ന് വൈകിട്ട് 4 മുതല്‍ കോഴിക്കോട് ടഗോര്‍ സെന്റിനറി ഹാളില്‍ വിരുന്ന് സല്‍ക്കാരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിവാഹ നടത്തിപ്പിനു ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിക്കാര്‍ക്കും സഹകൗണ്‍സിലര്‍മാര്‍ക്കും നല്‍കുന്നത് ആനാവൂരിന്റെ പേരില്‍ തയാറാക്കിയ ക്ഷണക്കത്താണ്. കോര്‍പറേഷന്‍ മേയറും ചാല ഏരിയാ കമ്മിറ്റി അംഗവുമെന്നാണ് ആര്യയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പേരിലാണ് വിവാഹ വിരുന്ന് സല്‍ക്കാര ക്ഷണക്കത്ത്.
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.എം. സച്ചിന്‍ദേവ് എംഎല്‍എ എന്നാണ് കത്തില്‍ പരിചയപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുടങ്ങി സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെയെല്ലാം വിവാഹ ക്ഷണക്കത്ത് തയാറാക്കിയതിന്റെ മാതൃക പിന്തുടര്‍ന്നാണ് സച്ചിന്റെയും ആര്യയുടെയും വിവാഹക്ഷണക്കത്തും. അതേസമയം, ബന്ധുക്കളെയും നാട്ടുകാരെയും വിവാഹത്തിനു ക്ഷണിക്കാനായി മാതാപിതാക്കളുടെ പേരില്‍ പ്രത്യേകം ക്ഷണക്കത്ത് തയാറാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























