അപ്പോളോ ശ്രദ്ധയില്‍... ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ചികിത്സ ഇന്ന് ആരംഭിക്കും; കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാനുള്ള ചികിത്സയാണ് നല്‍കുക; സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ വിവരം അറിയാന്‍ നിരവധി പേരാണ് ദിവസവും വിളിക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ചികിത്സ ഇന്ന് തുടങ്ങും. ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ തെയ്‌നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിച്ച് സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തി. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ രണ്ട് ദിവസം വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുക.
സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്. സ്പീക്കര്‍ എം ബി രാജേഷ് കോടിയേരിയെ കാണാന്‍ ഇന്ന് ചെന്നൈയില്‍ എത്തും.
കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് കോടിയേരിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്.
അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോള്‍ സമയം നീണ്ടേക്കും.
മൂന്നാമൂഴത്തില്‍ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിര്‍ത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പൂര്‍ണ ചുമതല നല്‍കുകയായിരുന്നു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുകഴ്ത്തി. കോടിയേരി മികച്ച സഖാവാണെന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയില്‍ കോടിയേരി സജീവമായെന്നും അദ്ദേഹത്തിന്റെ ആരോഗ്യം ആണ് ഇപ്പോള്‍ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടില്‍ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാര്‍ട്ടി തീരുമാനം.
ഇപി ജയരാജന്‍, എ വിജയരാഘവന്‍, പി രാജീവ് അടക്കം പല പേരുകള്‍ ഉയര്‍ന്ന് കേട്ടെങ്കിലും ഒടുവില്‍ കണ്ണൂരില്‍ നിന്ന് തന്നെയാണ് കോടിയേരിക്ക് പകരക്കാരന്‍ എത്തിയത്. പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖം, പ്രായം, പക്ഷങ്ങളില്ലാത്ത സ്വീകാര്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി എംവി ഗോവിന്ദനെ അമരത്തേക്ക് തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha























