വിഴിഞ്ഞം ചൂടുപിടിക്കുന്നു... വിഴിഞ്ഞം തുറമുഖ സംരക്ഷണത്തിന് കേന്ദ്ര സേനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്; സുരക്ഷ മേഖലയില്‍ കടന്നിട്ടും പൊലീസ് നോക്കി നിന്നെന്ന് അദാനി ഗ്രൂപ്പ്; വിധി അനുകൂലമായാല്‍ കേന്ദ്ര സേനയിറങ്ങും

വിഴിഞ്ഞം സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. സമരക്കാരെ രമ്യമായി ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പല ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രഖ്യാപനം നടത്തിയിട്ടും തീരുമാനമായില്ല. വിഴിഞ്ഞത്ത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ വീട്ടുവാടക നല്‍കാന്‍ ഇന്നലത്തെ മന്ത്രിസഭ തീരുമാനിച്ചു. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മ്മിക്കും.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് വാടകവീട്ടിലേക്ക് മാറാന്‍ പ്രതിമാസം 5500 രൂപ സര്‍ക്കാര്‍ നല്‍കും. മുട്ടത്തറയില്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയില്‍ സമയബന്ധിതമായി ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രിസഭാ തീരുമാനത്തിലുണ്ട്. എന്നാല്‍ തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പുച്ഛിക്കുകയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തുറമുഖ സമരസമിതി. വീട് വാടകയ്ക്ക് നല്‍കുന്നതിനുള്ള അഡ്വാന്‍സ് തുക ആര് നല്‍കുമെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമാണ് സമരസമിതി പറയുന്നത്.
അതേസമയമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധിപറയുന്നത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിക്കുക. സമരം കാരണം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്നാണ് അദാനി ഗ്രുപ്പ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.
സമരക്കാര്‍ അതീവ സുരക്ഷ മേഖലയില്‍ പ്രവേശിച്ചു നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് നോക്കി നിന്നെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, സമരത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം അനുവദിക്കില്ലെന്നുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികരുടെ വാദം. സമരം കൂടുതല്‍ ശക്തമാക്കുമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു.
സമരം ചെയ്ത പുരോഹിതരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ ഇടവകകളിലെ മത്സ്യത്തൊഴിലാളികള്‍ പൂവാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കരുംകുളം പള്ളിയില്‍ നിന്ന് തുടങ്ങിയ പന്തംകൊളുത്തി പ്രതിഷേധം പൂവാര്‍ സ്‌റ്റേഷനു മുന്നില്‍ അവസാനിപ്പിച്ചു.
അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
അതേ സമയം, വിഴിഞ്ഞം തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു. നേരത്തെ വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും തമരസമിതി ആരോപിച്ചു.
" fr
https://www.facebook.com/Malayalivartha























