അനധികൃത സ്വത്ത് സമ്പാദനം... സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്, ഒക്ടോബര്‍ 27 ന് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി പ്രതിയെ ഹാജരാക്കണം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് പ്രതിയായ മുന്‍ സി ഐ വി. ഷിബു കുമാറിനെ ഒക്ടോബര്‍ 27 ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി യോടാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടത്.
2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ വഞ്ചനാക്കേസ് ഒതുക്കാന്‍ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ല്‍ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കി തീര്‍ക്കാന്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലന്‍സ് കൈക്കൂലി ട്രാപ്പു കേസില്‍ പിടിയിലായ വി. ഷിബുകുമാറിനെ (47)യാണ് ഹാജരാക്കേണ്ടത്. പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്. അഴിമതി നിരോധന നിയമത്തിലെ 13 (2) , 13 (1) (ഇ) (പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ വരവില്‍ കവിഞ്ഞ് അനധികൃത സ്വത്തു സമ്പാദിക്കല്‍) പ്രകാരം പ്രതിക്കെതിരെ കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ പ്രതിയെ 7 വര്‍ഷം വരെ കഠിന തടവിനും പിഴയൊക്കുവാനും ശിക്ഷിക്കാവുന്നതാണ്.
2014 ല്‍ കൈക്കൂലി ട്രാപ്പ് കേസില്‍ പിടി കൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താല്‍ 2021 ല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ലോ ആന്റ് ഓഡര്‍ സ്റ്റേഷന്‍ ചാര്‍ജ് ഇതേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കുകയായിരുന്നു.
പ്രതി 2008 ജൂലൈ 1 മുതല്‍ 2015 ജൂണ്‍ 6 വരെയുള്ള ചെക്ക് പിരിയഡില്‍ (പരിശോധന കാലയളവ്) പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ് ഇന്‍സ്‌പെക്ടറായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും വെഞ്ഞാറമൂട് , അഞ്ചല്‍ , ചാത്തന്നൂര്‍ , കഴക്കൂട്ടം എന്നിവിടങ്ങളില്‍ പൊതുസേവകനായി പ്രവര്‍ത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിന്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകള്‍ ആര്‍ജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിന്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. അതേ സമയം പ്രതിയും ഭാര്യ മഞ്ജുഷയും ശാസ്താംകോട്ട , വടക്കേവിള വില്ലേജുകളിലും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ ആധാരങ്ങളില്‍ കാണിച്ച വിലയാണ് പ്രതിയുടെ ആര്‍ജിത സ്വത്തുക്കളുടെ മൂല്യമായി വിജിലന്‍സ് പ്രതിയുടെ സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തല്‍സമയത്തെ മാര്‍ക്കറ്റ് വില കണ്ടെത്തുകയോ തിട്ടപ്പെടുത്തി ഹാജരാക്കുകയോ ചെയ്തിട്ടില്ല. മാര്‍ക്കറ്റ് വിലകള്‍ ഹാജരാക്കിയാല്‍ അനധികൃത സ്വത്ത് സമ്പാദന തുകയും ശതമാനവും പ്രവചനാതീതമായി വര്‍ദ്ധിക്കും. ഒരേ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിയെ കഠിനശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
കൂടാതെ സിബിഐ ഇത്തരം കേസുകളില്‍ പ്രതിയുടെ ഭാര്യയെയും ബിനാമികളെയും കൂടി കൂട്ടു പ്രതികളായി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ ഷിബു കുമാറിന്റെ ഭാര്യയെയോ ബിനാമികളെയോ വിജിലന്‍സ് ഇവിടെ പ്രതി ചേര്‍ത്തിട്ടില്ല.
തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹന്‍ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സ് എസ്.പി. വി.എന്‍. ശശിധരന്‍ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബു കുമാറിനെ
വിജിലന്‍സ് പിടികൂടാനൊരുങ്ങവേ കെണി വിജിലന്‍സില്‍ നിന്നും ലീക്കായതിനെ തുടര്‍ന്ന് ഷിബുകുമാര്‍ ഒളിവില്‍ പോയി. ഷിബു കുമാര്‍ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കവേയാണ് അറസ്റ്റ് വിവരം ചോര്‍ന്ന് കിട്ടിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് റിമാന്റിലായ ഷിബു കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയില്‍ വെച്ച് ഷിബു കുമാറിന്റെ സഹായിയായ ഇടനിലക്കാരനെ വിജിലന്‍സ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനില്‍ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാള്‍ അന്വേഷിച്ച കേസുകള്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























