വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കുകയും നിര്‍ത്താതെ പോകുകയും ചെയ്ത ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം അറസ്റ്റ് ചെയ്ത് പോലീസ്

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി മരണത്തിനിടയാക്കുകയും നിര്‍ത്താതെ പോകുകയും ചെയ്ത ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം അറസ്റ്റ് ചെയ്ത് പോലീസ്.
അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) മരിച്ച സംഭവത്തിലാണ് കുറ്റിയാട്ടൂര്‍ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ മുഹമ്മദ് മുനിവര്‍ (22) ആണ് അറസ്റ്റിലായത്.
മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യര്‍പീടികയ്ക്ക് സമീപമായിരുന്നു അപകടം. അപകടം വരുത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂര്‍വല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
വഴിയില്‍ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശു്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാര്‍ന്നാണ് മരിച്ചത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അതേസമയം കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇയാള്‍ സ്ഥലംവിടുകയാണ് ചെയ്തത്. സംഭവം ആരോടും പറഞ്ഞതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കില്‍ ജോലിക്ക് പോവുകയും ചെയ്തു.
എന്നാല്‍ സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാള്‍ നല്‍കിയ സൂചനയും സി.സി.ടി.വി.യില്‍ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി.സി.സി.ടി.വി. ദൃശ്യത്തില്‍ ബൈക്കിന്റെ നമ്പര്‍പ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു.
തുടര്‍ന്ന് ആര്‍.ടി.ഒ. ഓഫീസില്‍ ചുവന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവര്‍ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചു. വീട്ടില്‍ നിന്ന് ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. എം.അജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വന്നത്.
"
https://www.facebook.com/Malayalivartha























