രണ്ടുപേരുടെ ജീവൻ നഷ്ടമാകാൻ കാരണം പാലത്തിന്റെ പാരപെറ്റ് മതിലിലെ അപാകത...പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക പരിശോധന ഫലം പുറത്ത്.....

മഹാരാഷ്ട്ര പൊലീസും സംസ്ഥാന ഗതാഗത വകുപ്പും നിയോഗിച്ച സംഘം സോഫ്റ്റ്‌വെയർ സിമലേഷനുകളും മോഡലിംഗും നടത്തി അപകടത്തിൽ പെട്ട വാഹനത്തിന്റെ കൃത്യമായ വേഗത നിർണ്ണയിച്ചു. പരിശോധനയിൽ കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് നിഗമനം. പാലത്തിന്റെ പാരപെറ്റ് മതിൽ ഷോൾഡർ ലെയിനിലേക്ക് നീണ്ടുകിടക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു.ഇതിനാലാണ് ഇവർ സഞ്ചരിച്ച അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മെഴ്സിഡസ് ബെൻസ് അപകടത്തിൽപെട്ടത്. അപകടത്തിന് പിന്നാലെ വാഹനത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഫീച്ചറുകൾ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മുൻവശത്തെ എയർബാഗുകൾ തുറന്നു. എന്നാൽ പിൻസീറ്റിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ല. ഇതാണ് മരണത്തിന് ഇടയാക്കിയത്.ക്രാഷ് ഇൻവെസ്റ്റിഗേഷനിൽ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് അപകടസ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഐഐടി ഖരഗ്പൂരിൽ നിന്നുള്ള രണ്ട് മെക്കാനിക്കൽ, സിവിൽ എഞ്ചിനീയർമാരും സിമലേഷനുകളിലും മോഡലിംഗിലും വൈദഗ്ദ്ധ്യമുള്ള അംഗവും ഉൾപ്പെടുന്നു.
വലതുവശത്തുള്ള കർട്ടൻ എയർബാഗ് പോലും പ്രവർത്തിച്ചതായി കണ്ടെത്തി. എന്നാൽ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ, അവർ വളരെ വേഗത്തിൽ സീറ്റിൽ നിന്ന് തെറിച്ചുവീണു,കാറിന്റെ മേൽക്കൂരയിലും മറ്റ് ഭാഗങ്ങളിലും ഇടിച്ചു, ഇത് മാരകമായ പരിക്കുകൾക്ക് കാരണമായി. മിസ്ത്രിയുടെ മരണകാരണം തലയ്ക്കും ഹൃദയത്തിനുമേറ്റ പരിക്കുകളുൾപ്പെടെ ആന്തരികാവയവങ്ങളിൽ ഒന്നിലധികം പരിക്കുകൾ ഉണ്ടാകുന്ന പോളിട്രോമയാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അപകടത്തെ കുറിച്ച് മെഴ്സിഡസ് ഇന്ത്യയുടെഉദ്യോഗസ്ഥരുമായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറപകടത്തിൽ കൊല്ലപ്പെട്ട മുൻ ടാറ്റാ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ സംസ്‌കാരം ഇന്നലെ രാവിലെ മുംബയിൽ നടന്നു. സെൻട്രൽ മുംബയിലെ വർലിയിൽ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ജെ.ജെ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനായി ഇന്നലെ രാവിലെ ശ്മശാനത്തിൽ സൗകര്യം ഒരുക്കി. പാഴ്സി വിഭാഗത്തിലുള്ളവരും വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
https://www.facebook.com/Malayalivartha


























